എന്റെ പരിപാടി കഞ്ചാവ് കൃഷിയാണോ? പിടിക്കപ്പെടുന്നവരെ സസ്‌പെന്‍ഡ് ചെയ്യും.. എനിക്കെതിരെ വലിയ ആക്രമണമാണ് നടക്കുന്നത്: ലിസ്റ്റിന്‍ സ്റ്റീഫന്‍

തന്റെ പരാമര്‍ശത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ച് ലിസ്റ്റിന്‍ സ്റ്റീഫന്‍. ‘മലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍ ഒരു വലിയ തെറ്റിലേക്ക് തിരികൊളുത്തി’ എന്ന ലിസ്റ്റിന്റെ പരാമര്‍ശമാണ് വിവാദമായത്. താന്‍ പറഞ്ഞ നടന്‍ നിവിന്‍ പോളി അല്ലെന്ന് ലിസ്റ്റിന്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഒരു നടന്റെയും പേര് പറഞ്ഞിട്ടില്ല, പക്ഷെ ആരാധകര്‍ തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുകയാണ് എന്നാണ് ലിസ്റ്റിന്‍ പറയുന്നത്.

”നിങ്ങള്‍ പറഞ്ഞ നടനെതിരെ ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? പറയേണ്ടതാണെങ്കില്‍ പറയേണ്ട സമയത്ത് പേടിയില്ലാതെ പറയുക തന്നെ ചെയ്യും. നാളെ സിനിമ എടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും കുഴപ്പമില്ല. എനിക്ക് കഞ്ഞി കുടിക്കാനുള്ള വക ഞാനുണ്ടാക്കിയിട്ടുണ്ട്. താരമാണെന്ന് വിചാരിച്ച് ആക്രമിക്കുമോ? നമ്മളെ പോലുള്ള സാധാരണക്കാര്‍ ടിക്കറ്റെടുത്താണ് ഇവരെ വലിയ ആളാക്കിയത്.”

”വലിയ ആളായിക്കഴിഞ്ഞാല്‍ ‘എന്റെ ഫാന്‍സ്’ എന്ത് ചെയ്യും? എന്നെ ഇല്ലാതാക്കുമോ? നിങ്ങള്‍ക്ക് പരിശോധിച്ചാല്‍ മനസിലാകും. എനിക്കെതിരെ വലിയ ആക്രമണമാണ് നടക്കുന്നത്” എന്നാണ് ലിസ്റ്റിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. അതേസമയം, ‘ബേബി ഗേള്‍’ സിനിമയുടെ ഫെറ്റ് മാസ്റ്ററില്‍ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തോടും ലിസ്റ്റിന്‍ പ്രതികരിച്ചു.

”ഞാന്‍ അറിഞ്ഞിട്ടാണോ അവിടെ കഞ്ചാവ് പിടിക്കുന്നത്? എന്റെ പരിപാടി കഞ്ചാവ് കൃഷിയാണോ? എന്റെ കയ്യില്‍ നിന്ന് പിടിച്ചാല്‍ എന്നോട് ചോദിക്കാം. ഞാന്‍ മൂന്നോ നാലോ സിനിമ എടുക്കുന്നുണ്ട്. അവിടെയൊക്കെ ആരൊക്കെ എന്തൊക്കെ കൊണ്ടുവരുന്നുണ്ടെന്ന് നമുക്ക് എങ്ങനെ അറിയാന്‍ പറ്റും? പിടിക്കപ്പെടുന്നവരെ നമുക്ക് സസ്പെന്‍ഡ് ചെയ്യാന്‍ പറ്റും” എന്നാണ് ലിസ്റ്റിന്‍ പറഞ്ഞത്.

Read more

സാന്ദ്ര തോമസ് ഉന്നയിച്ച ആരോപണങ്ങളോടും ലിസ്റ്റിന്‍ പ്രതികരിച്ചു. ”ഞാന്‍ മലയാള സിനിമയെ ഒറ്റിക്കൊടുത്തുവെന്നാണ് പറഞ്ഞത്. ആരെയാണ്, ആര്‍ക്ക് വേണ്ടിയാണ്, എന്തിന് വേണ്ടിയാണ് ഒറ്റിക്കൊടുത്തത്? എനിക്ക് ഒരു പിടിത്തവും കിട്ടുന്നില്ല. പലിശയ്ക്ക് പൈസ എടുക്കുന്നുണ്ട്. ചെയ്യുന്ന എല്ലാ പടവും അങ്ങനെയാണ് ചെയ്യുന്നത്. മലയാള സിനിമയിലെ 99 ശതമാനം പേരും അങ്ങനെയാണ് ചെയ്യുന്നത്” എന്നാണ് ലിസ്റ്റിന്‍ പറയുന്നത്.