ദിലീപിന്റെ സിനിമയ്ക്ക് മാത്രം മാറ്റമില്ല.. തിയേറ്ററുടമകളുടെ സമരത്തിന്റെ ഉദ്ദേശ്യ ശുദ്ധിയില്‍ സംശയമുണ്ട്: ലിസ്റ്റിന്‍ സ്റ്റീഫന്‍

ഫിയോക് പ്രഖ്യാപിച്ച സമരത്തിനെതിരെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. സമരത്തിനിടയിലും ഫിയോക് ചെയര്‍മാന്‍ ദിലീപിന്റെ റിലീസിന് മാറ്റമില്ലെന്ന് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആരോപിച്ചു. ഈ സമരത്തോട് ഫിയോക്കിന് അകത്തുള്ളവര്‍ക്ക് തന്നെ എതിര്‍പ്പുണ്ട് എന്നാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നത്.

ഫെബ്രുവരി 23 മുതലാണ് തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സിനിമ റിലീസ് ചെയ്യില്ലെന്ന് വ്യക്തമാക്കി തിയേറ്ററുടമകള്‍ സമരം ആരംഭിച്ചത്. ഈ സമരത്തെ കുറിച്ച് ഒരു മാധ്യമത്തിലൂടെയാണ് അറിഞ്ഞതെന്ന് ലിസ്റ്റിന്‍ മീഡിയാവണ്ണിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

നാല് സിനിമകള്‍ ഓടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇനി മുതല്‍ റിലീസ് ചെയ്യില്ലെന്ന് പറയുന്നത്. അഥവാ റിലീസ് പ്ലാന്‍ ചെയ്താലും നടക്കാത്ത സാഹചര്യമാണ്. കേരളത്തിലെ മുഴുവന്‍ സ്‌ക്രീനും ഹൗസ്ഫുള്‍ ഷോകളോടെ സിനിമകള്‍ ഓടിക്കൊണ്ടിരിക്കുകയാണ്.

42 ദിവസത്തിന് ശേഷം മാത്രമേ ഒ.ടി.ടിക്ക് നല്‍കാവു എന്ന ആവശ്യം സാധ്യമല്ല. ഫിലിം ചേംബറില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഫിയോക്കിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍ ഒരുക്കമല്ല.

ഫിയോക്കിന്റെ ചെയര്‍മാന്‍ ദിലീപാണ്. അദ്ദേഹമാണ് ഏഴാം തിയതി അദ്ദേഹത്തിന്റെ ചിത്രത്തിന്റെ റിലീസ് വച്ചിരിക്കുന്നത്. ഫിയോക് സിനിമ പ്രദര്‍ശിപ്പിക്കില്ലെന്നും പറയുന്നു. അതില്‍ തന്നെ അവ്യക്തതയുണ്ട്. ഇക്കാര്യം അവര്‍ പരിഹരിക്കും എന്നാണ് കരുതുന്നത് എന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍ വ്യക്തമാക്കി.

അതേസമയം, ദിലീപ് ചിത്രം ‘തങ്കമണി’യുടെ റിലീസ് മാര്‍ച്ച് 7ന് ആണ് പ്രഖ്യാപിച്ചിരുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം നിര്‍ത്തില്ല എന്ന തീരുമാനത്തിലാണ് ഫിയോക്. അങ്ങനെയാണെങ്കില്‍ തങ്കമണി ചിത്രത്തിന്റെ റിലീസും മാറ്റി വച്ചേക്കാം.