സാധാരണ സംഭാഷണങ്ങൾ ഇതിൽ കൊണ്ടുവരാത്തതിന് കാരണമുണ്ട്..; വാലിബനെ കുറിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ഏറ്റവും പുതിയ ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആദ്യ ദിവസത്തെ നെഗറ്റീവ് കമന്റുകൾ കുറഞ്ഞ് ഇപ്പോൾ പോസിറ്റീവ് റിവ്യൂകൾ വന്നുതുടങ്ങിയിട്ടുണ്ട്.

ചിത്രത്തിലെ സംഭാഷണങ്ങൾ നാടകീയമാണ് എന്നാണ് പൊതുവേ ചിത്രത്തിന് വന്നിരുന്ന വിമർശനങ്ങൾ. ഇപ്പോഴിതാ അത്തരം വിമർശനങ്ങൾക്ക് മറുപടി പറയുകയാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. എന്നാൽ അത്തരത്തിലുള്ള സംഭാഷണങ്ങൾ മനഃപൂർവ്വം സിനിമയിൽ ഉൾപ്പെടുത്തിയതാണ് എന്നാണ് സംവിധായകൻ പറയുന്നത്.

“പലരും പറയുന്നത് കേട്ടിരുന്നു, സംഭാഷണങ്ങളിൽ വല്ലാണ്ട് നാടകീയത തോന്നുന്നുണ്ടെന്ന്. അത്തരം സംഭാഷണങ്ങൾ മനപൂർവം തന്നെയാണ് സിനിമയിൽ ഉപയോഗിച്ചത്. നമ്മളൊക്കെ സാധാരണ ഉപയോഗിക്കുന്ന സംഭാഷണങ്ങൾ ഇതിൽ കൊണ്ടുവന്നാൽ ശെരിയാകില്ലെന്ന് തോന്നി.

ഒരു സിനിമാ സെറ്റിങ്ങനെക്കാൾ ഡ്രാമാ സെറ്റിങ്ങാണ് ഇതിൽ ഉള്ളത്. സ്ക്രീനിൽ കാണുമ്പോൾ അത് മനസിലാവും. കഥാപാത്രങ്ങളുടെ പ്ലേസിങ്ങ് സിനിമാറ്റികിനെക്കാൾ ഡ്രാമാറ്റിക് ആയിട്ടാണ് വാലിബനിൽ ഉപയോഗിച്ചിട്ടുള്ളത്. സിനിമയും ഡ്രാമയും കൂട്ടിച്ചേർത്തിരിക്കുകയാണ് ഇതിൽ.” ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് ലിജോ ജോസ് പെല്ലിശ്ശേരി ഇങ്ങനെ അഭിപ്രായപ്പെട്ടത്.