ആ സമയത്ത് വലിയ ഡിപ്രഷനിലൂടെയാണ് ഞാൻ കടന്നു പോയത്..: ലിജോ ജോസ് പെല്ലിശ്ശേരി

മലയാളത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന സംവിധായകരിൽ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. മോഹൻലാൽ നായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘മലൈക്കോട്ടൈ വാലിബൻ’ തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്.

ആദ്യ ദിവസം തന്നെ ചിത്രത്തിന് നിരവധി നെഗറ്റീവ് കമന്റുകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തിന് എല്ലായിടത്തുനിന്നും പോസിറ്റീവ് ആയ അഭിപ്രായങ്ങളാണ് കിട്ടികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ജീവിതത്തിൽ ഉണ്ടായ ഒരു പ്രതിസന്ധി ഘട്ടത്തെ കുറിച്ച് സംസാരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. കോവിഡിന് ശേഷം താൻ വലിയ വിഷാദത്തിലൂടെ കടന്നുപോയിരുന്നുവെന്നും ആ സമയത്ത് ഒന്നിനോടും തനിക്ക് താത്പര്യം തോന്നിയിരുന്നില്ലെന്നും ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.

“കൊവിഡിന് ശേഷം ഞാന്‍ സിവിയര്‍ ഡിപ്രഷനിലൂടെ കടന്നു പോയിട്ടുണ്ട്. ആ സമയത്ത് എനിക്ക് സിനിമകള്‍ കാണാനെ താല്പര്യം ഇല്ലായിരുന്നു. ബുക്കുകള്‍ വായിക്കാന്‍ താല്പര്യം ഇല്ലായിരുന്നു. കഥകള്‍ കേള്‍ക്കാന്‍ താല്‍പര്യം ഇല്ലായിരുന്നു. എല്ലാ വേളയിലും അതില്‍ നിന്നും അതിജീവിച്ച് പുറത്തുവരുമ്പോള്‍, പുതുതായി എന്തെങ്കിലും കൊണ്ടാകും വരിക.

ഞാന്‍ ആ അവസ്ഥയിലൂടെ പോയിട്ട് തിരിച്ചുവരുന്നത് നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രവുമായാണ്. ഇനി നാളെ അതേപറ്റി പറഞ്ഞാല്‍ ചിലപ്പോള്‍ ഒന്നും തന്നെ എനിക്ക് ഓര്‍മയുണ്ടാകണം എന്നില്ല. ആ സ്പെയിസില്‍ നിന്നും ഞാന്‍ പോയ്ക്കഴിഞ്ഞു.

കഴിഞ്ഞ ഒന്നര വര്‍ഷമായി മലൈക്കോട്ടൈ വാലിബനെ കുറിച്ചാണ് ഞാന്‍ ചിന്തിച്ച് കൊണ്ടിരുന്നത്. ആ സിനിമ ഇപ്പോള്‍ റിലീസായി കഴിഞ്ഞു. ഞാന്‍ ഇനി മറ്റൊന്നിനെ കുറിച്ചാകും ചിന്തിക്കുക.

ഇത് വളരെ ഓര്‍ഗാനിക് ആയി സംഭവിക്കുന്നതാണ്. അല്ലാതെ നിര്‍ബന്ധ ബുദ്ധിയോടെ ഞാന്‍ ഇനി അടുത്ത സിനിമയെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ട് കാര്യമില്ല.” എന്നാണ് ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞത്.