രാവിലെ ഓട്ടോ പിടിച്ച് കട്ടൗട്ടിന് മുന്നിലെത്തി കുറെ നേരം നോക്കി തിരിച്ചുവരും, എം.ജി.ആറിന്റെയും ശിവാജി സാറിന്റെയും അപ്പുറത്ത് ദേ നില്‍ക്കുന്നു പിറവത്തെ പയ്യന്‍: ലാലു അലക്സ്

ആദ്യമായി പൊലീസ് വേഷത്തില്‍ അഭിനയിച്ചതിനെ കുറിച്ചും കട്ടൗട്ട് വച്ചത് കാണാന്‍ പോയതിനെ കുറിച്ചും പറഞ്ഞ് നടന്‍ ലാലു അലക്‌സ്. ഈ നാട് എന്ന സിനിമയിലാണ് ആദ്യമായി പൊലീസ് വേഷത്തില്‍ എത്തിയത് എന്നാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലാലു അലക്‌സ് പറയുന്നത്.

വലിയ സിനിമ പോസ്റ്ററില്‍ പൊലീസ് യൂണിഫോം ഇട്ട് തന്നെ നിര്‍ത്തിയത് ശശിയേട്ടന്‍ (ഐവി ശശി) ആണ്. ഈ നാട് എന്ന സിനിമയിലൂടെ ആയിരുന്നു അത്. ചിത്രത്തില്‍ കമ്മീഷ്ണര്‍ അലക്സാണ്ടര്‍ ഐപിഎസ് എന്ന വേഷം ചെയ്തു. ഈ കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകര്‍ തന്നെ തിരിച്ചറിയാന്‍ തുടങ്ങിയത്.

ഈ നാട് ഇറങ്ങിയപ്പോള്‍ മദ്രാസില്‍ മൗണ്ട് റോഡിലെ സംഘം തിയേറ്ററിനു മുന്നില്‍ തന്റെ കട്ടൗട്ട് വെച്ചു. എംജിആറിന്റെയും ശിവാജി സാറിന്റെയും അപ്പുറത്ത് ദേ നില്‍ക്കുന്നു പിറവത്തെ ആ പയ്യന്‍ ലാലു അലക്സ്. അന്ന് ആര്‍കെ ലോഡ്ജിലാണ് താമസം.

രാവിലെ ഓട്ടോ പിടിച്ച് കട്ടൗട്ടിന് മുന്നിലെത്തി കുറെ നേരം നോക്കി നിന്നിട്ട് തിരിച്ചു പോരും. ഇന്നാണെങ്കില്‍ ഒരു സെല്‍ഫി എടുത്തു വയ്ക്കാമായിരുന്നു എന്നാണ് ലാലു അലക്സ് പറയുന്നത്. അതേസമയം, ബ്രോ ഡാഡി ആണ് ലാലു അലക്‌സിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ലാലു അലക്‌സ് അവതരിപ്പിച്ച കുര്യന്‍ മാളിയേക്കല്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയരംഗത്തു നിന്നും കുറച്ചു കാലമായി മാറി നില്‍ക്കുകയായിരുന്ന ലാലു അലക്‌സിന്റെ ഗംഭീര തിരിച്ചുവരവായിരുന്നു ബ്രോ ഡാഡിയിലൂടെ.