ആ പടം പിന്നീട് സൂപ്പര്‍ഹിറ്റായി, മമ്മൂക്ക പറഞ്ഞത് ശരിയാണെന്ന് തെളിയിച്ചു, അന്ന് ആ കൂട്ടുകെട്ട് വേണ്ടെന്നും അദ്ദേഹം പറഞ്ഞു: ലാല്‍

മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് നടനും സംവിധായകനുമായ ലാല്‍. തന്റെയും സിദ്ദിഖിന്റെയും തുടക്കകാലത്ത് മമ്മൂട്ടിയുടെ അടുത്ത് ചെന്ന് കഥ പറഞ്ഞു, ഈ കഥ വലിയ വിജയമായിരിക്കുമെന്ന് പറഞ്ഞ് ഒരുപാട് സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും അടുത്ത് തങ്ങളെ പരിചയപ്പെടുത്തിയെങ്കിലും അന്നത് നടന്നില്ല. പിന്നീട് ആ സിനിമ സൂപ്പര്‍ഹിറ്റായി എന്നും ലാല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെ പറഞ്ഞു.

ലാലിന്റെ വാക്കുകള്‍:

എന്റെയും സിദ്ദിഖിന്റെയും തുടക്കകാലത്ത് തിരക്കഥയുമായി ഞങ്ങള്‍ മമ്മൂട്ടിയുടെ അടുത്ത് ചെല്ലും. മമ്മൂക്ക അത് കേള്‍ക്കും. ഈ കഥ വലിയ വിജയമായിരിക്കുമെന്ന് പറഞ്ഞ് ഒരുപാട് സംവിധായകരുടെയും നിര്‍മാതാക്കളുടെയും അടുത്ത് ഞങ്ങളെ പരിചയപ്പെടുത്തിയിട്ടുമുണ്ട്. പക്ഷേ അന്നത് വര്‍ക്ക് ആയില്ല. പില്‍ക്കാലത്ത് ആ പടം വലിയ സൂപ്പര്‍ഹിറ്റായി, മമ്മൂക്ക പറഞ്ഞത് ശരിയാണെന്ന് തെളിയിച്ചു.

പിന്നീട് ഞങ്ങള്‍ സിനിമയിലേയ്ക്ക് വന്ന ശേഷം ഞാനും സിദ്ദിഖും മമ്മൂക്കയെ കാണാന്‍ പോയി. അന്ന് ഞങ്ങളുടെ കൂടെ ഒരു കൂട്ടുകാരനും ഉണ്ടായിരുന്നു. പുതുതായി പരിചയപ്പെട്ട ഒരു കൂട്ടുകാരന്‍. അന്ന് മമ്മൂക്ക ഒറ്റനോട്ടത്തില്‍ പറഞ്ഞു, ‘ഡാ അവനുമായുള്ള കൂട്ടുകെട്ട് വേണ്ട, അവന്‍ ആള് ശരിയല്ല.’

ഞങ്ങള്‍ അന്നത് കാര്യമാക്കിയില്ല. എന്നാല്‍ പിന്നീട് മമ്മൂക്ക പറഞ്ഞത് ശരിയാണെന്ന് തിരിച്ചറിയുകയുണ്ടായി. അങ്ങനെ നല്ലതിനെയും ചീത്തയെയും തിരിച്ചറിയാനും നല്ലതിനെ ഉള്‍ക്കൊള്ളാനും ചീത്തയായതിനെ തള്ളാനുമുള്ള അപാരമായ കഴിവ് മമ്മൂക്കയ്ക്ക് ഉണ്ട്. മമ്മൂക്കയുടെ ഏറ്റവും വലിയ വിജയവും അത് തന്നെയാണ്. ആ കഴിവ് മമ്മൂക്കയ്ക്ക് ഉള്ളടത്തോളം കാലം അജയ്യനായി അദ്ദേഹം മലയാള സിനിമയില്‍ ഉണ്ടാകും.

Read more