പാമ്പുകള്‍ ദേഹത്തുകൂടി ഇഴഞ്ഞു, ഞാന്‍ പേടിച്ച് അലറി. 'എനിക്ക് പണം വേണ്ട, എന്നെ വിട്ട്ടുങ്കാ സാര്‍' എന്ന് അവരത് കേട്ടില്ല: കുഞ്ചന്‍

ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ച അനുഭവം പങ്കുവെച്ച് നടന്‍ കുഞ്ചന്‍. വാല്‍പ്പാറയിലെ റിപ്പബ്ലിക് ഡേ ആഘോഷത്തിന് താന്‍ ഡാന്‍സും ടാബ്ലോയുമൊക്കെ അവതരിപ്പിച്ചു. അന്നവര്‍ 101 രൂപ സമ്മാനമായി തന്നു. ആന്റിയുടെ മകനോടൊപ്പം കോയമ്പത്തൂരിലേക്ക് ഞാനും പോയി. കിട്ടിയ അവസരങ്ങളില്‍ തന്റെ കലാപ്രകടനങ്ങള്‍ പുറത്തെടുത്തു. ഒരു പരിപാടിക്കിടെ പ്രായം തോന്നിക്കുന്ന ഒരാള്‍ അടുത്തേക്ക് വിളിച്ചു.

‘ഉങ്കളെ പാത്ത് ആക്ടറേ പോലെ ഇരിക്കേ, സിനിമയില്‍ ആക്ടറാകാന്‍ മുടിയുമാ?’ ‘അയ്യോ, സിനിമയിലോ? ”ആമ, തമ്പി, 250 രൂപ താന്‍. നാളേക്ക് വണ്ടി വറുവേന്‍, റെഡിയായി നില്‍കെ’ എന്നയാള്‍ പറഞ്ഞു. അന്ന് 250 രൂപ എന്ന് പറഞ്ഞാല്‍ വലിയ സംഖ്യയാണ്. ആ ഒരു പ്രലോഭനത്തില്‍ മാത്രം താനതിന് ഇറങ്ങിപുറപ്പെട്ടു.

പിറ്റേന്ന് രാവിലെ തന്നെ കൊണ്ടു പോകാനായി വാഹനമെത്തി. കോയമ്പത്തൂരില്‍ വലിയൊരു കാളി ക്ഷേത്രമുണ്ട്. അവിടെയായിരുന്നു ഷൂട്ടിംഗ്. ചെന്നയുടന്‍ വസ്ത്രങ്ങള്‍ അഴിക്കാന്‍ പറഞ്ഞു. ഒരു കോണകമുടുപ്പിച്ചു. പിന്നാലെ തന്റെ കൈകാലുകള്‍ നിലത്തു തറച്ച കുറ്റികളില്‍ കെട്ടിയിട്ടു. അവിടെ ഒരു പാമ്പാട്ടിയുണ്ടായിരുന്നു.

അയാള്‍ കുറേ പാമ്പുകളെ തന്റെ ശരീരത്തിലേക്ക് ഇറക്കിവിട്ടു. നിമിഷങ്ങള്‍ക്കകം കുറേ പാമ്പുകള്‍ വന്ന് ദേഹത്തിലൂടെ ചുറ്റും ഇഴയാന്‍ തുടങ്ങി. അതവര്‍ ഷൂട്ട് ചെയ്തു. താന്‍ പേടിച്ച് അലറി. ‘എനിക്ക് പണം വേണ്ട, എന്നെ വിട്ട്ടുങ്കാ സാര്‍’ എന്ന്. അവരത് കേട്ടില്ല. ഷൂട്ട് കഴിഞ്ഞ് തനിക്ക് 250 രൂപയും വയറുനിറയെ ബിരിയാണിയുമൊക്കെ തന്ന് തിരിച്ചയച്ചു.

അങ്ങനെയാണ് താനാദ്യമായി ക്യാമറയെ അഭിമുഖീകരിച്ചത്. തിരിച്ച് വീട്ടില്‍ വന്നപ്പോള്‍ തനിക്ക് ഭയങ്കര തലവേദന. ചിക്കന്‍ പോക്സിന്റെ തുടക്കമായിരുന്നു. 250 രൂപയ്ക്ക് അഭിനയിക്കാന്‍ പോയി ചിക്കന്‍ പോക്സും പിടിച്ചാണ് തിരിച്ചു വന്നത് എന്നാണ് കുഞ്ചന്‍ പറയുന്നത്.