പലരും കൊച്ചാക്കാന്‍ ശ്രമിച്ചിട്ടുണ്ട്, ഈ രൂപവും വെച്ച് സിനിമയില്‍ വരുമെന്ന ധാരണ എനിക്ക് ഇല്ലായിരുന്നു: കൊച്ചുപ്രേമന്‍

എണ്‍പതുകളുടെ ആരംഭത്തില്‍ ചെറിയ വേഷങ്ങളിലൂടെയാണ് നടന്‍ കൊച്ചുപ്രേമന്‍ മലയാള സിനിമയുടെ ഭാഗമാകുന്നത്. നാടക രംഗത്ത് നിന്ന് എത്തിയ അദ്ദേഹം പിന്നീട് സിനിമയിലേയും സീരിയലിലെയും നിറസാന്നിധ്യമായി മാറി. 1979 ല്‍ പുറത്തിറങ്ങിയ ഏഴ് നിറങ്ങള്‍ ആയിരുന്നു ആദ്യ സിനിമ. 1996 ല്‍ പുറത്തിറങ്ങിയ ദില്ലിവാല രാജകുമാരനിലൂടെയാണ് ശ്രദ്ധേയനാകുന്നത്.

കരിയറില്‍ ഉയരങ്ങള്‍ കീഴടക്കിയിട്ടും താന്‍ സിനിമയിലേക്ക് വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് കൊച്ചുപ്രേമന്‍ ഒരിക്കല്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. സൗന്ദര്യമില്ലാത്ത താന്‍ നടനാകുമെന്ന് വിചാരിച്ചിട്ടില്ല എന്നാല്‍ പരിശ്രമം നടത്താതിരുന്നതുമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

ഗ്ലാമറിനും ശരീര ഭംഗിക്കും ഒക്കെ പ്രധാന്യം കൊടുത്തുള്ള മേഖലയാണെന്ന മിഥ്യാധാരണ പുലര്‍ത്തിയിരുന്ന ആളായിരുന്നു. അതുകൊണ്ട് തന്നെ നമ്മുക്ക് ഒന്നും ചാന്‍സ് ഉണ്ടാവില്ല. എങ്കിലും ഒന്ന് ശ്രമിക്കണം. ശ്രമിക്കാതിരുന്നത് കൊണ്ട് ഒരു നഷ്ടം സംഭവിച്ചു എന്ന് തോന്നരുത് എന്ന് കരുതി നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നു,’

സിനിമാരംഗത്ത് എത്തിയപ്പോള്‍ പലരും കൊച്ചാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവര്‍ക്കൊക്കെ തക്കതായ മറുപടിയും കൊടുത്തിട്ടുണ്ടെന്ന് കൊച്ചുപ്രേമന്‍ കൂട്ടിച്ചേര്‍ത്തു.