ചികിത്സയ്ക്ക് എന്തിനാണ് മതം, നിങ്ങളെ കുറിച്ച് ഓര്‍ത്ത് ലജ്ജിക്കുന്നു: ആശുപത്രിക്ക് എതിരെ ഖാലിദ് റഹ്‌മാന്‍

 

ആശുപത്രിയില്‍ രജിസ്ട്രേഷന്‍ ഫോമില്‍ മതം ചോദിക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍. കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ രജിസ്ട്രേഷന്‍ ഫോമിലാണ് മതം ചോദിച്ചു കൊണ്ടുള്ള പ്രത്യേക കോളം രജിസ്ടേഷന്‍ ഫോമില്‍ ഉള്‍പ്പെടുത്തിയത്. ഖാലിദ് റഹ്‌മാന്റെ പേരിലുള്ള രജിസ്ട്രേഷന്‍ ഫോമിന്റെ ചിത്രവും അദ്ദേഹം പുറത്തുവിട്ടു. മതത്തിന്റെ കോളത്തില്‍ ഇല്ല എന്നാണ് അദ്ദേഹം രേഖപ്പെടുത്തിയത്.

മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയെ ടാഗ് ചെയ്തുകൊണ്ടാണ് ഫെയ്‌സ്ബുക്കില്‍ രജിസ്ട്രേഷന്‍ ഫോം പുറത്തുവിട്ടത്. എന്തുകൊണ്ടാണ് ഒരു മെഡിക്കല്‍ സ്ഥാപനം പരിശോധനയ്ക്ക് മുമ്പ് മതം ആവശ്യപ്പെടുന്നത്?, നിങ്ങളെ കുറിച്ച് ലജ്ജിക്കുന്നു. എന്നായിരുന്നു അദ്ദേഹം ഫോട്ടോയ്ക്ക് കുറിപ്പായി ഫെയ്സ്ബുക്കില്‍ എഴുതിയത്.

മുമ്പ് മറ്റൊരു ആശുപത്രിയിലും സമാന സംഭവം അരങ്ങേറിയിരുന്നു. കിടങ്ങൂരിലെ ലിറ്റില്‍ ലൂര്‍ദ്ദ് മിഷന്‍ ആശുപത്രിയായിരുന്നു അന്ന് മതം ചോദിച്ചത്. വ്യക്തി വിവരങ്ങള്‍ ചേര്‍ക്കുന്നതിനോടൊപ്പം മതം ചോദിച്ച കോളവും രജിസ്‌ട്രേഷന്‍ ഫോമിലുണ്ടായിരുന്നു.

ആശുപത്രിയില്‍ ശുശ്രൂഷ തേടിയെത്തിയ സരസമ്മ എന്ന സ്ത്രീ മതം ചോദിച്ച കോളത്തില്‍ ‘മതം ഇല്ലാത്ത മരുന്ന് മതി’ എന്ന് എഴുതിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ആശുപത്രിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.