രജനിക്ക് ഇന്ത്യയില്‍ ചികിത്സ കിട്ടില്ലേയെന്ന് നടിയുടെ വിമര്‍ശനം, അതിന് ആര് ചികിത്സയ്ക്ക് പോയെന്ന് രജനി; നടി കസ്തൂരിക്കെതിരെ തിരിഞ്ഞ് ആരാധകര്‍

തന്റെ ആരോഗ്യനിലയെ സംബന്ധിച്ച് നടി കസ്തൂരി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കാര്യങ്ങള്‍ രജനികാന്ത് തള്ളിക്കളഞ്ഞിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് രജനികാന്ത് അമേരിക്കയിലേക്ക് പോയിരുന്നു. സ്വകാര്യ ജെറ്റില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമായിരുന്നു യാത്ര. ഇതിനെക്കുറിച്ച് സംശയങ്ങളുന്നയിച്ച് കസ്തൂരി രംഗത്ത് വന്നു.

കോവിഡ് പശ്ചാത്തലത്തില്‍ അമേരിക്കയിലേക്ക് ഇന്ത്യന്‍ യാത്രികര്‍ക്ക് വിലക്കുള്ള സാഹചര്യത്തില്‍ എങ്ങിനെയാണ് രജനി പോയതെന്നും ഇന്ത്യയില്‍ ചികിത്സ ലഭിക്കില്ലേയെന്ന് കസ്തൂരി ചോദിച്ചു. ഇതിന് തൊട്ടുപിന്നാലെ രജനിയുടെ ആരോഗ്യനിലയെ കുറിച്ചുള്ള അഭ്യൂഹങ്ങളും ശക്തമായി. തുടര്‍ന്ന് രജനിയുടെ കുടുംബാംഗങ്ങള്‍ തന്നെ നേരിട്ട് വിളിച്ച് ആരോഗ്യനിലയെ കുറിച്ച് സംസാരിച്ചുവെന്ന് അവകാശപ്പെട്ട് കസ്തൂരി ട്വീറ്റ് ചെയ്തു.

സംഭവം വലിയ ചര്‍ച്ചയായതോടെ രജനിയുടെ വക്താവ് റിയാസെ കെ അഹമ്മദ് താരത്തിന്റെ ഔദ്യോഗിക പ്രസ്താവനയുമായി രംഗത്ത് വന്നു. രജനിയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോ ആരെയും വിളിച്ചിട്ടില്ലെന്നും ഒരു തരത്തിലുമുള്ള വിശദീകരണം നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കി.

തൊട്ടുപിന്നാലെ തന്നെ വിളിച്ചത് സംഗീത സംവിധായകന്‍ ഗംഗൈ അമരനായിരുന്നുവെന്ന വിശദീകരണവുമായി കസ്തൂരി രംഗത്തെത്തി. ഗംഗൈ അമരന്‍ എന്നാണ് രജനിയുടെ കുടുംബാംഗമായതെന്നും വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പറയരുതെന്നും വിമര്‍ശകര്‍ കുറിച്ചു.