കെജിഎഫ് ഞങ്ങളുടെ ചിത്രമായിരുന്നെങ്കില്‍ നിരൂപകര്‍ വലിച്ച് കീറിയേനെ; കരണ്‍ ജോഹര്‍

ബോളിവുഡിനേക്കാള്‍ സ്വാതന്ത്ര്യമുള്ളത് ് തെന്നിന്ത്യന്‍ സിനിമാലോകത്താണെന്ന് സംവിധായകന്‍ കരണ്‍ ജോഹര്‍. തെന്നിന്ത്യന്‍ സിനിമകള്‍ ഇന്ത്യയൊട്ടാകെ ഗംഭീര വിജയം നേരിടുന്നതിനെക്കുറിച്ചും ബോളിവുഡ് ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ പരാജയമടയുന്നതിനെക്കുറിച്ചും ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെജിഎഫ് ബോളിവുഡ് ചിത്രമായിരുന്നുവെങ്കില്‍ നിരൂപകര്‍ കടന്നാക്രമിക്കുമെന്നും പറഞ്ഞു.

എനിക്ക് കെജിഎഫ് ഇഷ്ടമായ ചിത്രമാണ്. കെജിഎഫിനെക്കുറിച്ചുള്ള നിരൂപണങ്ങള്‍ വായിച്ചപ്പോള്‍ ഞാന്‍ വിചാരിക്കുകയായിരുന്നു ഈ ചിത്രം ഞങ്ങളാണ് നിര്‍മിച്ചതെങ്കില്‍ നിരൂപകര്‍ വലിച്ചുകീറിയേനെ എന്ന് ബോളിവുഡ് സിനിമാപ്രവര്‍ത്തകരേക്കാള്‍ സ്വാതന്ത്ര്യം തെന്നിന്ത്യന്‍ സിനിമാപ്രവര്‍ത്തകര്‍ ആഘോഷിക്കുന്നു- കരണ്‍ ജോഹര്‍ പറയുന്നു.

സമീപകാല ബോളിവുഡ് ചിത്രങ്ങളില്‍ ഭൂല്‍ ഭുലയ്യ രണ്ടാംഭാഗം മാത്രമാണ് വിജയം നേടിയത്. കങ്കണയുടെ ധാക്കഡ്. അക്ഷയ് കുമാറിന്റെ പൃഥ്വിരാജ് തുടങ്ങിയ ചിത്രങ്ങള്‍ വന്‍ പരാജയമായിരുന്നു. അതേ സമയം തെന്നിന്ത്യയില്‍ നിന്നുള്ള ആര്‍ആര്‍ആര്‍, കെജിഎഫ്, വിക്രം തുടങ്ങിയ ചിത്രങ്ങള്‍ ഗംഭീരവിജയമാണ് ഇന്ത്യയൊട്ടാകെ നേടിയത്.

ഇതുസംബന്ധിച്ച് ബോളിവുഡിനുള്ളില്‍ നിന്ന് തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. സംവിധായകന്‍ രാംഗോപാല്‍ വര്‍മയുള്‍പ്പെടെയുള്ളവര്‍ തെന്നിന്ത്യന്‍ സിനിമകളുടെ വിജയത്തെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു.