പുകസയുടെ പരിപാടിയില്‍ വിലക്കെന്ന് ഹരീഷ്; 'അന്ത ഭയം ഇരിക്കട്ടും' എന്ന് കണ്ണന്‍ താമരക്കുളം

പുകസ സംഘടിപ്പിച്ച, നാടക സംവിധായകന്‍ എ ശാന്തന്റെ അനുസ്മരണച്ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നടന്‍ ഹരീഷ് പേരടിക്ക് വിലക്ക്. ഇക്കാര്യം നടന്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. പോസ്റ്റിന് കീഴില്‍ സംവിധായകന്‍ കണ്ണന്‍ താമരക്കുളത്തിന്റെ കമന്റും ശ്രദ്ധേയമാണ്. ‘അന്ത ഭയം ഇരിക്കട്ടും’ എന്നാണ് കണ്ണന്‍ താമരക്കുളത്തിന്റെ കമന്റ്.

കഴിഞ്ഞ ദിവസങ്ങളിലായി സര്‍ക്കാരിനെയും സിപിഐഎമ്മിനെയും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഹരീഷ് പേരടി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുകസയുടെ നടപടി.

ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ഹരീഷ് പേരടിയാണ്. ചടങ്ങിലേക്ക് പുറപ്പെട്ടതിന് ശേഷം സംഘാടകര്‍ തന്നെ വിളിച്ച് വരണ്ടെന്ന് അറിയിച്ചുവെന്ന് ഹരീഷ് പറഞ്ഞു. പു ക സ യുടെ സംഘാടനത്തിലുള്ള എ ശാന്തന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ എറണാകുളത്തെ വീട്ടിലെത്തി. ഇന്നലെ രാത്രിയും സംഘാടകര്‍ തന്നെ വിളിച്ച് സമയം ഉറപ്പിച്ചു. പാതി വഴിയില്‍ വച്ച് സംഘാടകരുടെ ഫോണ്‍ വന്നു. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ഹരീഷ് ഈ പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന സ്‌നേഹം പൊതിഞ്ഞ വാക്കുകളില്‍ പറഞ്ഞതായി ഹരീഷ് പേരടി ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്
ശാന്താ ഞാന്‍ ഇന്നലെ കോയമ്പത്തൂരിലെ ലോക്കേഷനില്‍ നിന്ന് അനുവാദം ചോദിച്ച് പു ക സ യുടെ സംഘാടനത്തിലുള്ള നിന്റെ ഓര്‍മ്മയില്‍ പങ്കെടുക്കാന്‍ എറണാകുളത്തെ വീട്ടിലെത്തി..ഇന്നലെ രാത്രിയും സംഘാടകര്‍ എന്നെ വിളിച്ച് സമയം ഉറപ്പിച്ചു…ഇന്ന് രാവിലെ ഞാന്‍ ബിന്ദുവിനേയും കൂട്ടി കോഴിക്കോട്ടേക്ക് പുറപ്പെട്ടു…പാതി വഴിയില്‍വെച്ച് സംഘാടകരുടെ ഫോണ്‍ വന്നു…പ്രത്യേക രാഷ്ട്രിയ സാഹചര്യത്തില്‍ ഹരീഷ് ഈ പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന സ്‌നേഹം പൊതിഞ്ഞ വാക്കുകളില്‍ …നിന്റെ ഓര്‍മ്മകളുടെ സംഗമത്തില്‍ ഞാന്‍ ഒരു തടസ്സമാണെങ്കില്‍ അതില്‍ നിന്ന് മാറി നില്‍ക്കുകയെന്നതാണ് എനിക്ക് നിനക്ക് തരാനുള്ള ഏറ്റവും വലിയ സ്‌നേഹവും..അതുകൊണ്ട് ഞാന്‍ മാറി നിന്നു …ഇത് ആരെയും കുറ്റപ്പെടുത്തുന്നതല്ല… ഇതാണ് സത്യം…പിന്നെ നിന്നെയോര്‍ക്കാന്‍ എനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവിശ്യമില്ലല്ലോ…’ദാമേട്ടാ സത്യങ്ങള്‍ വിളിച്ചു പറയാന്‍ എനിക്കെന്റെ ചൂണ്ടുവിരല്‍ വേണം’നാടകം-പെരുംകൊല്ലന്‍