ഇന്ത്യയുടെ പ്രതീകാത്മകമായ കുരങ്ങന്മാരാവാന്‍ സാധിക്കില്ല; സിനിമാറ്റോഗ്രാഫ് ആക്റ്റിനെതിരെയുള്ള ക്യാംപെയിനില്‍ കമല്‍ ഹാസനും

നടന്‍ കമല്‍ഹാസന്‍ സിനിമാറ്റോഗ്രാഫ് ആക്റ്റ് 2021നെതിരായുള്ള കാമ്പയിനില്‍ ഭാഗമായി. സിനിമാട്ടോഗ്രാഫ് ആക്റ്റിനെതിരായ ശബ്ദമുയര്‍ത്താനും പ്രവര്‍ത്തിക്കാനും ട്വിറ്ററിലൂടെയാണ് താരം ആഹ്വാനം ചെയ്തത്. ഇത് ജനാധിപത്യത്തെ ഹനിക്കുന്ന നീച പ്രവൃത്തിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“സിനിമയ്ക്കും, മാധ്യമങ്ങള്‍ക്കും, സാഹിത്യത്തിനും ഇന്ത്യയുടെ പ്രതീകാത്മകമായ മൂന്ന് കുരങ്ങന്‍മാരാവാന്‍ കഴിയില്ല. ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള തിന്മയെ കാണുകയും അതിനെതിരെ സംസാരിക്കുകയുമാണ് ഏക പോംവഴി. ഇനിയെങ്കിലും പ്രവര്‍ത്തിക്കു, സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തു.”

സിനിമാട്ടോഗ്രാഫ് ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റമാണെന്ന് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അഭിപ്രായപ്പെട്ടിരുന്നു.

കേരളത്തില്‍ ഫെഫ്ക ഉള്‍പ്പെടെയുള്ള സംഘടനകള്‍ സംഭവത്തില്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു. സിനിമാട്ടോഗ്രാഫ് ആക്ട് ചലച്ചിത്ര പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിന് തടസ്സം സൃഷ്ടിക്കും. ഫെഫ്ക്ക ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഭേദഗതി മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കാനൊരുങ്ങുകയാണ്.