'ഇന്ത്യന്‍ 2' വൈകുന്നതല്ല, മൂന്നാം ഭാഗവും ഒന്നിച്ച് ഒരുക്കിയതാണ്.. ഷൂട്ടിംഗ് കഴിഞ്ഞു; വെളിപ്പെടുത്തി കമല്‍ ഹാസന്‍

നിരവധി തവണ ഷൂട്ടിംഗ് മുടങ്ങിപ്പോയ ചിത്രമാണ് കമല്‍ ഹാസന്‍-ശങ്കര്‍ കോമ്പോയില്‍ എത്തുന്ന ‘ഇന്ത്യന്‍ 2’. 2017ല്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രം ഒരുപാട് ഡിലേ ആയെങ്കിലും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ സിനിമയ്ക്കായി കാത്തിരിക്കുന്നത്. ആരാധകരെ ആവേശഭരിതരാക്കുന്ന ഒരു പുതിയ അപ്‌ഡേറ്റ് ആണ് കമല്‍ ഹാസന്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

ഇന്ത്യന്‍ 2 വെറുതേയങ്ങ് വൈകുന്നതല്ല, ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ഷൂട്ടിംഗും പൂര്‍ത്തിയായി എന്ന വിവരമാണ് കമല്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. മൂന്നാം ഭാഗത്തെ കുറിച്ച് ഇതുവരെ ഒരു സൂചനയും പുറത്തുവിട്ടിരുന്നില്ല. ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് മൂന്നാം ഭാഗവും വരുന്നുവെന്ന് കമല്‍ വ്യക്തമാക്കിയിരിക്കുന്നത്.

‘വിക്രം’ എന്ന സിനിമയ്ക്ക് ശേഷം പുതിയ ചിത്രങ്ങള്‍ ഒന്നും എത്തിയില്ലല്ലോ എന്ന ചോദ്യത്തിനാണ് കമല്‍ മറുപടി നല്‍കിയത്. ”സിനിമാ നിര്‍മ്മാണത്തിന്റെ വേഗത വര്‍ധിപ്പിക്കാനാവില്ല. കാരണം എത്ര സിനിമ ഇറക്കി എന്നതിനേക്കാള്‍ ചെയ്യുന്നവയുടെ ഗുണനിലവാരത്തിലാണ് കാര്യം.”

”ഇന്ത്യന്‍ 2, ഇന്ത്യന്‍ 3 എന്നിവ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇന്ത്യന്‍ 2വിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. അതിന് ശേഷം ഇന്ത്യന്‍ 3യുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ആരംഭിക്കും. തഗ് ലൈഫിന്റെ ചിത്രീകരണവും വളരെ പെട്ടെന്ന് ആരംഭിക്കും. കല്‍കി എന്ന ചിത്രത്തില്‍ കാമിയോ റോളിലും അഭിനയിക്കുന്നുണ്ട്” എന്നാണ് കമല്‍ പറഞ്ഞത്.

അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്‍ഹാസന്‍ തകര്‍ത്തഭിനയിച്ച സിനിമയാണ് 1996ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍. ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. സിനിമയുടെ ക്ലൈമാക്സ് രംഗത്തില്‍ ആ സിനിമയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു.

Read more