നടിയായും കോമഡി താരമായും സഹതാരമായും ഒരുപാട് കഥാപാത്രങ്ങളെ സിനിമയിൽ ഗംഭീരമാക്കിയ താരമാണ് ഉർവശി. ഇന്നും മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാൾ കൂടിയാണ് ഉർവശി. നിരവധി അവാർഡുകൾ തേടിയെത്തിയ ഉർവശിക്ക് ഇക്കൊല്ലം ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സൈമ അവാർഡും ലഭിച്ചിട്ടുണ്ട്.
ഇപ്പോഴിതാ കമൽ ഹാസൻ നൽകിയ പിന്തുണയും പ്രശംസയും കൊണ്ടാണ് തമിഴ് സിനിമയിൽ തനിക്ക് ഒരു സ്ഥാനം നേടിയെടുക്കാൻ സാധിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഉർവശി. ഉള്ളൊഴുക്ക് എന്ന ചിത്രത്തിൽ പ്രകടനത്തിന് മികച്ച നടിക്കുള്ള സൈമ അവാർഡ് നേടിയ ശേഷമുള്ള നന്ദി പ്രസംഗത്തിലാണ് ഉർവശി കമൽ ഹാസനെക്കുറിച്ച് പറഞ്ഞത്. മൈക്കിൾ മദൻ കാമരാജൻ എന്ന ചിത്രം മുതൽ കമൽ ഹാസൻ നൽകിയ പിന്തുണയും പ്രശംസയും കൊണ്ടാണ് തമിഴ് സിനിമയിൽ ഒരു സ്ഥാനം നേടിയെടുക്കാൻ സാധിച്ചതെന്നാണ് ഉർവശി പറഞ്ഞത്.
ഉർവശിയുടെ വാക്കുകൾ
“എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് കമൽ ജി ശ്രദ്ധിക്കും വിധത്തിൽ അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യാൻ പറ്റിയത്. മൈക്കിൾ മധൻ കാമരാജനിൽ അഭിനയിക്കുമ്പോ എന്നെ കൂടാതെ വേറെയും 4 നായികമാരുണ്ടായിരുന്നു എന്നിട്ടും ചിത്രത്തിന്റെ വിജയാഘോഷത്തിൽ കമൽ സാർ എന്റെ പേര് മാത്രമാണ് എടുത്തു പറഞ്ഞ അഭിനന്ദിച്ചത്”.
ഉർവശി പുരസ്കാരം വാങ്ങുമ്പോൾ കമൽ ഹാസൻ അടക്കം സ്റ്റേജിലെ എല്ലാ അഭിനേതാക്കൾ ആദരമായി സ്റ്റാൻഡിങ് ഒവേഷൻ നൽകിയിരുന്നു. ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ഉർവശിക്ക് മികച്ച സഹനടിക്കുള്ള പുരസ്കാരമായിരുന്നു പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ എന്തിന്റെ അടിസ്ഥാനത്തിലാണ് തനിക്ക് സഹനടിക്കുള്ള പുരസ്കാരം നൽകിയത് എന്നും, മികച്ച നടിയെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം എന്തെന്നും ഉർവശി പരസ്യമായി ചോദിച്ച പശ്ചാത്തലത്തിൽ താരം സൈമയുടെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടുവെന്നത് ശ്രദ്ധേയമാണ്.







