എനിക്ക് മഞ്ജുവിനെ ആമിയായി സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലായിരുന്നു, അഭിനയിപ്പിച്ചത് നിര്‍മ്മാതാവിന്റെ നിര്‍ബന്ധം മൂലം: കമല്‍

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രം ‘ആമി’യ്ക്ക് വലിയ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. മഞ്ജുവാര്യരെ ചിത്രത്തില്‍ മിസ് കാസ്റ്റ് ചെയ്തതാണെന്നതായിരുന്നു അതിലൊന്ന്. ഇപ്പോഴിതാ ഈ വിമര്‍ശനത്തിന് മറുപടി നല്‍കിയിരിക്കുകയാണ് കമല്‍. മീഡിയ വണ്ണുമായുള്ള അഭിമുഖത്തിലാണ് സംവിധായകന്‍ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചത്.

മാധവിക്കുട്ടിയായി തനിക്ക് മഞ്ജുവാര്യരെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയുമായിരുന്നില്ലെന്നും എന്നാല്‍ നിര്‍മാതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി അത് ചെയ്യേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു.

കമലിന്റെ വാക്കുകള്‍

വിദ്യാബാലനെ ആയിരുന്നു ആമിയായി കാസ്റ്റ് ചെയ്തിരുന്നത്. ഷൂട്ടിങ്ങിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് വിദ്യാ ബാലന്‍ അതില്‍ നിന്നു പിന്മാറുന്നത്. അപ്പോഴേക്കും നിര്‍മാതാവ് ഒരുപാട് പണം ആ സിനിമക്ക് വേണ്ടി മുടക്കിയിരുന്നു. ഷൂട്ട് പെട്ടെന്ന് തുടങ്ങുകയും വേണം.

ആ സമയത്ത് ആര് അഭിനയിക്കും എന്ന ടെന്‍ഷനില്‍ നില്‍ക്കുമ്പോള്‍ പ്രൊഡ്യൂസറിന്റെ നിര്‍ബന്ധത്തിന്റെ ഭാഗമായാണ് മഞ്ജു വാര്യരിലേക്കെത്തുന്നത്. എനിക്ക് ഏറ്റവും അടുപ്പമുള്ള നായികയായിരുന്നു മഞ്ജു, പക്ഷേ എനിക്കൊരിക്കലും മഞ്ജുവിനെ ആമിയായി സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലായിരുന്നു.

ഞാനത് മഞജുവിനോട് പറയുകയും ചെയ്തിരുന്നു. സിനിമയുടെ കഥ വായിച്ചപ്പോള്‍ മാധവിക്കുട്ടിയാകാന്‍ കഴിയില്ലെന്ന ഭയവും മഞ്ജുവിന് ഉണ്ടായിരുന്നു.