മറ്റൊരാളെ ഭര്‍ത്താവായി സങ്കല്‍പ്പിക്കാന്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ പറ്റാതായി, രാവിലെ ആറ് മണി വരെ സംസാരിച്ചിരുന്നു..; തരിണിയും കാളിദാസും

വിവാഹനിശ്ചയത്തിന് പിന്നാലെ തങ്ങളുടെ പ്രണയകഥ തുറന്നുപറഞ്ഞ് കാളിദാസ് ജയറാമും തരിണി കലിംഗാരയരും. ഒരു സുഹൃത്ത് സംഘടിപ്പിച്ച ഗെറ്റ് ടുഗദര്‍ മീറ്റിലാണ് തങ്ങള്‍ കണ്ടുമുട്ടിയത്. അന്ന് കുറേ സംസാരിക്കണമെന്ന് തോന്നിയെങ്കിലും അധികം സംസാരിക്കാനായില്ല. എന്നാല്‍ ന്യൂ ഇയര്‍ പാര്‍ട്ടിക്കിടെ പുലര്‍ച്ചെ വരെ തങ്ങള്‍ സംസാരിച്ചിരിക്കുകയായിരുന്നു എന്നാണ് കാളിദാസ് പറയുന്നത്.

2021 ഡിസംബര്‍ നാലിന് ഒരു സുഹൃത്തിന്റെ ഗെറ്റ് ടുഗദര്‍ പാര്‍ട്ടിക്കിടെയാണ് തരിണിയെ ആദ്യം കാണുന്നത്. കണ്ടപ്പോഴേ തനിക്ക് മിണ്ടണമെന്ന് തോന്നി. അത് എങ്ങനെ വിശദീകരിക്കണമെന്ന് അറിയില്ല. അന്ന് പരിചയപ്പെട്ടെങ്കിലും കൂടുതല്‍ സംസാരിച്ചില്ല. പിന്നീട് ഒരു മെസേജ് ഇട്ടു. അതിന് ശേഷം താന്‍ ന്യു ഇയര്‍ ഗെറ്റ് ടുഗദര്‍ സംഘടിപ്പിച്ചപ്പോള്‍ തരിണി വന്നു.

എല്ലാവരും പുതുവര്‍ഷം ആഘോഷിക്കുമ്പോള്‍ തങ്ങള്‍ രാത്രി മുഴുവന്‍ രാവിലെ ആറ് മണിവരെ സംസാരിച്ചു കൊണ്ടിരുന്നു. ഒരു പ്രണയം വളരണമെങ്കില്‍ രണ്ട് വശത്ത് നിന്നും താല്‍പര്യവും ശ്രമവുമുണ്ടാകണം. തനിക്കുള്ള ഇഷ്ടം തരിണിയ്ക്ക് തന്നോടുണ്ടാകുമോ എന്ന സംശയമുണ്ടായിരുന്നു.

സിനിമയിലെ പോലെ ഐ ലവ് യു എന്ന് പറയലൊന്നും ഉണ്ടായിട്ടില്ലെങ്കിലും പരസ്പരം രണ്ടാള്‍ക്കും മനസിലായി ഇഷ്ടമായെന്ന് എന്നാണ് കാളിദാസ് വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. കാളിദാസിന് തന്നെ ഇഷ്ടമാണെന്ന് സംസാരിച്ച് തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ തനിക്ക് മനസിലായിരുന്നു എന്നാണ് തരിണി പറയുന്നത്.

കണ്ണന്റെ മനസില്‍ ഇഷ്ടമുണ്ടെന്ന് സംസാരിച്ച് തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ മനസിലായി. ഇനിയുള്ള ജീവിതത്തില്‍ ഒന്നിച്ചു മുന്നോട്ട് പോകാം എന്ന് തീരുമാനിച്ച പ്രത്യേക നിമിഷമൊന്നുമില്ല. പക്ഷെ പരിചയപ്പെട്ടു, പത്ത്-പന്ത്രണ്ട് ദിവസമായപ്പോഴേക്കും രണ്ടാള്‍ക്കും അങ്ങനെ തോന്നി തുടങ്ങി. യാത്ര, ഭക്ഷണം, വൈല്‍ഡ് ലൈഫ്, തന്റേയും കണ്ണന്റേയും ഇഷ്ടങ്ങള്‍ കൂടുതലും സമാനമാണ്.

അതുകൊണ്ട് തന്നെ യാതൊരു ബുദ്ധിമുട്ടുമില്ലാതെ പരസ്പരം സംസാരിക്കാം. നല്ല സുഹൃത്തുക്കളാണ്. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ മറ്റൊരാളെ ജീവിതപങ്കളിയായി സങ്കല്‍പ്പിക്കാനാകാതെയായി. കണ്ണന്‍ വന്നശേഷം ജീവിതം മാറി. കണ്ണനെ പരിചയപ്പെട്ട ശേഷം ഒരു ദിവസം പോലും താന്‍ സങ്കടപ്പെട്ടിരുന്നില്ല. അതൊരു മാജിക് പോലെയാണ് എന്നാണ് തരിണി പറയുന്നത്.