രാജു അന്ന് വേറെ ശൈലിയില്‍ കരഞ്ഞു, ഞാന്‍ ഒന്നും പറയാതെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തു; തുറന്നുപറഞ്ഞ് കലാഭവന്‍ ഷാജോണ്‍

താന്‍ സംവിധായകനായ സിനിമയില്‍ പൃഥ്വിരാജ് തീര്‍ത്തും ഇമോഷണലായി ചെയ്ത ഒരു രംഗത്തെക്കുറിച്ച് ഒരു അനുഭവം പങ്കുവയ്ക്കുകയാണ് കലാഭവന്‍ ഷാജോണ്‍.”ബ്രദേഴ്‌സ് ഡേ”യില്‍ ഞാന്‍ പൃഥ്വിരാജിനെ കെട്ടിപ്പിച്ച് ഉമ്മ കൊടുത്ത ഒരു നിമിഷമുണ്ടായിട്ടുണ്ട്. പൃഥ്വിരാജ് ചെയ്ത കഥാപാത്രത്തിന്റെ സഹോദരിയുമായിട്ടുള്ള ഒരു സീനാണത്. ആ സീനില്‍ പൃഥ്വിരാജ് എല്ലാ സിനിമയിലും കരയുന്ന പോലെ ഒരു കരച്ചിലാണ് ടേക്കില്‍ ചെയ്യാനിരുന്നത്. പക്ഷേ ഞാന്‍ പറഞ്ഞു

“രാജു ഇതുവരെ കരയാത്ത ശൈലിയില്‍ ഒന്ന് കരയണം”. രാജു തിരിച്ചു ചോദിച്ചു, “അത് എങ്ങനെ സാധിക്കും. ഞാന്‍ പറഞ്ഞു “അതൊന്നും എനിക്ക് അറിയില്ല പക്ഷേ പൃഥ്വിരാജിലെ നടന് ഇത്രയും മനോഹരമായി കരഞ്ഞു അഭിനയിക്കാന്‍ കഴിയുമോ എന്നൊരു ഫീല്‍ ഉണ്ടാക്കി കൊടുക്കണം”. ഒറ്റ ടേക്കില്‍ പൃഥ്വിരാജ് അത് ഗംഭീരമാക്കി.

ഞാന്‍ ഒന്നും പറയാതെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തു. സംവിധായകനായിരിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷമാണത്. നമ്മള്‍ വിചാരിക്കുന്നതിന്റെ മുകളില്‍ ഒരു ആക്ടര്‍ അഭിനയിച്ചു കൊണ്ടുവരുമ്പോള്‍ ഒരു സംവിധായകനെന്ന നിലയില്‍ അവരെ വച്ച് സിനിമ ചെയ്യുമ്പോള്‍ നമുക്കും അഭിമാനം തോന്നും”. കലാഭവന്‍ ഷാജോണ്‍ പറയുന്നു.

കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്ത് 2019 സെപ്റ്റംബര്‍ 6-ന് പ്രദര്‍ശനത്തിനെത്തിയ ഒരു മലയാളഭാഷ കോമഡി ആക്ഷന്‍ ത്രില്ലര്‍ ചലച്ചിത്രമാണ് ബ്രദേഴ്‌സ് ഡേ. ട്രാഫിക്,ഹൗ ഓള്‍ഡ് ആര്‍ യൂ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച ലിസ്റ്റിന്‍ സ്റ്റീഫന്‍ മാജിക് ഫ്രെയിംസിന്റ്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രമാണിത്. പൃഥ്വിരാജ് നായകനായ ഈ ചിത്രത്തില്‍ മിയ ജോര്‍ജ്ജ്, മഡോണ സെബാസ്റ്റ്യന്‍, പ്രയാഗ മാര്‍ട്ടിന്‍, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരാണ് നായികമാര്‍.

ഫോര്‍ മ്യൂസിക് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചു. തമിഴ് ചലച്ചിത്ര നടന്‍ പ്രസന്ന ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തു. 2019 ജൂലൈ 21ന് പുറത്ത് വന്ന ഈ ചിത്രത്തിന്റെ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മോഹന്‍ലാല്‍ നായകനായ ഇട്ടിമാണി:മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രവും ഈ ചിത്രത്തിനൊപ്പമാണ് പ്രദര്‍ശനത്തിനെത്തിയത്. ജിത്തു ദാമോദര്‍ ഛായാഗ്രഹണം നിര്‍വഹിച്ച ഈ ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തത് അഖിലേഷ് മോഹനാണ്.

ഈ ചിത്രത്തിന് ആദ്യമിട്ട പേര് സൂപ്പര്‍ ബ്രദര്‍ എന്നായിരുന്നു. സംവിധായകന്‍ സിദ്ദിഖിന്റ്റെ ചിത്രത്തിന്റെ പേര് ബിഗ് ബ്രദര്‍ എന്ന് പ്രഖ്യാപിച്ചതോടെ പേര് മാറ്റുകയായിരുന്നു.