മിയ, പ്രയാഗ, ഐശ്വര്യ ലക്ഷ്മി, മഡോണ; നാല് മുന്‍നിര നടിമാര്‍ നായികമാരായി 'ബ്രദേഴ്‌സ് ഡേ'യില്‍ എത്തിയതിനെ കുറിച്ച് ഷാജോണ്‍

നടന്‍ കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബ്രദേഴ്‌സ് ഡേ. പൃഥ്വിരാജ് നായകനായെത്തിയ ചിത്രം ഓണക്കാലത്ത് നല്ല പ്രതികരണങ്ങള്‍ ഏറ്റുവാങ്ങി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഷാജോണിന്റെ കന്നി സംരംഭം എന്ന നിലയില്‍ പ്രേക്ഷകരുടെ പ്രതീക്ഷകളോട് ചിത്രം നൂറു ശതമാനം നീതി പുലര്‍ത്തുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണം. മിയ ജോര്‍ജ്, പ്രയാഗ മാര്‍ട്ടിന്‍, ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റിയന്‍ എന്നിങ്ങനെ നാലു മുന്‍നിര നടിമാര്‍ നടിമാരായി  ചിത്രത്തിലുണ്ട് എന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത. ഇവരിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് ഷാജോണ്‍.

“കഥ എഴുതിക്കൊണ്ടിരുന്നപ്പോള്‍ അങ്ങനെയൊരുദ്ദേശമൊന്നും ഇല്ലായിരുന്നു. പക്ഷേ, സ്‌ക്രിപ്‌റ്റെഴുതിത്തീര്‍ന്നപ്പോള്‍ നാലു നായികാ കഥാപാത്രങ്ങള്‍ക്കും ഈ കഥയില്‍ വളരെ പ്രാധാന്യമുണ്ടെന്നു വ്യക്തമായി. നാലുപേര്‍ക്കും ഈ കഥയില്‍ നല്ല സ്‌പേസുമുണ്ട്. അതിനാലാണ് നമ്മള്‍ അവരെ സമീപിച്ചതും അവര്‍ അതു ചെയ്യാമെന്നു സമ്മതിച്ചതും. ഇവര്‍ നായികമാരായി പെര്‍ഫോം ചെയ്യുന്നതു സിനിമയ്ക്കു വളരെ ഗുണകരമാണ്. ദൈവാനുഗ്രഹത്താല്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള നാലു നായികമാരെത്തന്നെ നമുക്കു കിട്ടി.” ദീപികയുമായുള്ള അഭിമുഖത്തില്‍ ഷാജോണ്‍ പറഞ്ഞു.

ട്രാഫിക്, ഹൗ ഓള്‍ഡ് ആര്‍ യൂ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തമിഴ് നടന്‍ പ്രസന്ന, കോട്ടയം നസീര്‍, ധര്‍മജന്‍, വിജയരാഘവന്‍, പൊന്നമ്മ ബാബു തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജിത്തു ദാമോദറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം ഫോര്‍ മ്യൂസിക്‌സ്.