പാര്‍ട്ടികളെ ന്യായീകരിച്ച് പോസ്റ്റ് ഇടുന്നവരെ ബ്ലോക്ക് ചെയ്യുന്നതാണ് യുവജനങ്ങള്‍ക്ക് നല്ലതെന്ന് ജൂഡ്, അല്‍പ്പസമയത്തിനുള്ളില്‍ പോസ്റ്റ് കാണാനില്ല

രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ട ന്യായീകരണ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യുന്നവരെ ബ്ലോക്ക് ചെയ്യുന്നതാണ് യുവജനങ്ങള്‍ക്ക് നല്ലതെന്ന് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. എന്നാല്‍ എന്ത് കാര്യത്തിന്റെ പശ്ചാത്തലത്തിലാണ് ജൂഡ് ഇങ്ങനെയൊരു പോസറ്റ് ഷെയര്‍ ചെയ്തതെന്ന് വ്യക്തമല്ല.

ഈ പോസ്റ്റ് പങ്കുവെച്ചതിന് ശേഷം 15 മിനിട്ട് കഴിഞ്ഞ് പോസ്റ്റ് വാളില്‍ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. ഇത് അരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് വിമര്‍ശനമുണ്ടായതിന് പിന്നാലെയാണ് സംവിധായകന്‍ പിന്‍വലിച്ചത്.

പാര്‍ട്ടി സംബന്ധമായ ന്യായികരണങ്ങള്‍ പോസ്റ്റ് ഇടുന്ന എല്ലാവരെയും ഇടം വലം നോക്കാതെ ബ്ലോക്ക് ചെയ്യുന്നതാണ് യുവജനങ്ങള്‍ക്ക് നല്ലത്,’ എന്നായിരുന്നു ജൂഡിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം.

 

അതേസമയം, മുമ്പും ജൂഡിന്റെ ഫേസ്ബുക്കിലെ പ്രതികരണങ്ങള്‍ മുമ്പും വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഹൃദയം സിനിമയെ പറ്റി ജൂഡ് ആന്റണി പങ്കുവെച്ച പോസ്റ്റും അതിന് അദ്ദേഹം നല്‍കിയ കമന്റും ചര്‍ച്ചയായിരുന്നു. പോസ്റ്റിന് കീഴില്‍ വന്ന ‘എത്ര കിട്ടി’ എന്ന കമന്റിന് ‘താങ്കള്‍ക്ക് പ്രകൃതി ടീമില്‍ നിന്ന് ലഭിച്ചതിനെക്കാള്‍ കൂടുതല്‍’ എന്നാണ് ജൂഡ് കുറിച്ചത്.