റിയാലിറ്റിയെ മനസിലാക്കാനുള്ള ഷൈനിന്റെ ശ്രമക്കുറവ് ആണിത്, വളരെ മോശവും അപകടകരവുമാണത്: ജോളി ചിറയത്ത്

സ്ത്രീ സംവിധായകര്‍ വന്നാല്‍ കൂടുതല്‍ പ്രശ്‌നമാകുമെന്ന ഷൈന്‍ ടോം ചാക്കോയുടെ പ്രസ്താവന വളരെ ഇന്‍സെന്‍സിറ്റീവ് ആണെന്ന് നടി ജോളി ചിറയത്ത്. സ്ത്രീകള്‍ പുരുഷന് താഴെയാണ് എന്ന് സമൂഹം ധരിച്ചുവച്ചിരിക്കുന്ന ബോധ്യത്തില്‍ നിന്നും മറികടക്കാന്‍ ഷൈനിന് ഇതുവരെ സാധിച്ചിട്ടില്ല എന്നാണ് ജോളി ചിറയത്ത് പറയുന്നത്.

വളരെ ഇന്‍സെന്‍സിറ്റീവ് ആണ് ആ സ്റ്റേറ്റ്‌മെന്റ്. സാമൂഹിക സാഹചര്യങ്ങള്‍ മോശമായ ഇറാന്‍ പോലുള്ള ഒരു സ്ഥലത്ത് നിരവധി വനിത സംവിധായകര്‍ വരുന്നുണ്ട്. എന്നാല്‍ ഇവിടെ കേരളത്തില്‍ ജനാധിപത്യവും സമത്വവുമെല്ലാം പറയുമ്പോഴും വനിത സംവിധായകരുടെ പ്രാതിനിധ്യം വളരെ ചുരുക്കമാണ്.

ആളുകള്‍ക്ക് ഭയങ്കര തെറ്റിദ്ധാരണയുള്ള ഒരു മേഖലയാണിത്. താനൊക്കെ വളരെയധികം പ്രതിഫലം വാങ്ങുന്ന എന്നാണ് പലരും കരുതുന്നത്. എന്നാല്‍ അങ്ങനെയല്ല, പ്രതിഫലം കുറവാണെന്ന് പറഞ്ഞാലൊന്നും ആരും വിശ്വസിക്കാന്‍ തയ്യാറാവില്ല. കാരണം നമ്മള്‍ കാണുന്നത് വളരെ ലക്ഷ്വറി ലൈഫ് ജീവിക്കുന്ന താരങ്ങളെയാണ്.

ഇതൊക്കെ തന്നെയാണ് എല്ലാവര്‍ക്കും സിനിമ നല്‍കുന്ന സാധ്യതകള്‍ എന്നാണ് പൊതുജനം ധരിച്ചു വച്ചിരിക്കുന്നത്. അവിടെയാണ് വേറിട്ട ചിന്തയോ അല്ലെങ്കില്‍ നമ്മുടെ പ്രശ്‌നവല്‍ക്കരണത്തിനോ യാതൊരു സാധ്യതയും കൊടുക്കാതെ ഇത്തരത്തിലുള്ള ഒരു സ്റ്റേറ്റ്‌മെന്റ് ഷൈന്‍ ടോം ചാക്കോ നടത്തുന്നത്. അത് വളരെ അപകടവുമാണ് മോശവുമാണ്.

ഒരു വ്യക്തി എന്ന നിലയ്ക്ക് വളരെ നല്ല ചെറുപ്പക്കാരനും സ്‌നേഹത്തോടെ പെരുമാറുന്ന ആളുമാണ് ഷൈന്‍. അയാള്‍ നല്ലൊരു നടനാണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കവുമില്ല. അങ്ങനെ ഒരു വ്യക്തി സ്ത്രീകള്‍ കടന്നു വരരുത്, സ്ത്രീകള്‍ സംവിധായകരായാല്‍ പ്രശ്‌നമാണ് എന്നൊക്കെ പറയുന്നത് സ്ത്രീകളെ പൊതുവില്‍ സമൂഹം കണക്കാക്കി വച്ചിരിക്കുന്ന ഒരു സ്റ്റാറ്റസില്‍ നിന്നാണ്.

സ്ത്രീകള്‍ എല്ലാം സെക്കന്‍ഡറി ആണ് പുരുഷന് താഴെയാണ് എന്നുള്ള സമൂഹം ധരിച്ചു വച്ചിരിക്കുന്ന ബോധ്യത്തില്‍ നിന്നും മറികടക്കാന്‍ അയാള്‍ക്ക് സാധിച്ചിട്ടില്ല. ഷൈന്‍ എന്ന നടന്‍ അങ്ങനെ മനസിലാക്കിയിട്ടില്ല എങ്കില്‍ ഒന്നെങ്കില്‍ തൊഴിലിടത്തെ പാഷനോട് കൂടി മാത്രം കാണുന്ന ആളാണ് ഷൈന്‍.

Read more

അതല്ല എങ്കില്‍ റിയാലിറ്റിയെ മനസ്സിലാക്കാനുള്ള ശ്രമം അയാളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. റിയാലിറ്റിയെ സമഗ്രതയോടു കൂടി മനസിലാക്കാനുള്ള ഷൈനിന്റെ ശ്രമക്കുറവ് കൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്നാണ് താന്‍ കരുതുന്നത് എന്നാണ് ജോളി ചിറയത്ത് ഒരു അഭിമുഖത്തില്‍ പറയുന്നത്.