ലാലേട്ടന്‍ ചെയ്ത് കാണാന്‍ ആഗ്രഹിക്കുന്ന മുഹൂര്‍ത്തങ്ങളാണ് സിനിമയിലുള്ളത്, ശത്രുക്കളോട് പോലും ഇങ്ങനെ ചെയ്യരുത്: ആറാട്ടിനെ കുറിച്ച് ജോണി ആന്റണി

മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണ് ‘ആറാട്ട്’. സിനിമയിറങ്ങിയ ശേഷം ഒരുപാട് വിമര്‍ശനങ്ങളാണ് സംവിധായകനും മോഹന്‍ലാലും ഉള്‍പ്പടെ സിനിമയുടെ ഭാഗമായവര്‍ കേള്‍ക്കേണ്ടി വന്നത്. സിനിമക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിക്കുകയാണ് സംവിധായകനും നടനുമായ ജോണി ആന്റണി. ജോണി ആന്റണിയും ആറാട്ടില്‍ ഒരു വേഷം ചെയ്തിരുന്നു. ഒരു മികച്ച എന്റര്‍ടെയ്‌നറാണ് ആറാട്ടെന്നാണ് ജോണി ആന്റണി പറയുന്നത്.

‘ലാലേട്ടന്‍ ചെയ്ത് കാണാന്‍ ആഗ്രഹിക്കുന്ന മുഹൂര്‍ത്തങ്ങളാണ് ചിത്രത്തിലുള്ളത്. എണ്‍പതുകളിലെയൊക്കെയുള്ള ലാലേട്ടനെ ചിത്രത്തില്‍ കാണാം. സ്പൂഫ് നല്ല രീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ ഇത് ആസ്വദിക്കുന്നുണ്ട്,’ ജോണി ആന്റണി പറഞ്ഞു.

‘കാശ് കൊടുത്ത് സിനിമ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് വിമര്‍ശിക്കാം. എന്നാല്‍ വിമര്‍ശിക്കാന്‍ വേണ്ടി മാത്രം സത്യസന്ധമല്ലാത്ത കാര്യങ്ങള്‍ പറയരുത്. ചിലര്‍ തെറ്റായ പ്രചാരണങ്ങളാണ് നടത്തുന്നത്. ശത്രുക്കളോട് പോലും ഇങ്ങനെ ചെയ്യരുത്. ഇത്തരത്തിലുള്ള പ്രവണതകള്‍ വന്നിട്ട് അധികമായിട്ടില്ല. എന്തിനേയും നെഗറ്റീവായി കണ്ട് സന്തോഷമടയുന്നവരാണ് ഇക്കൂട്ടര്‍. മറ്റുള്ളവരെ ദ്രോഹിക്കുന്ന സമയം സ്വന്തം കാര്യങ്ങള്‍ക്ക് ഉപയോഗിച്ചുകൂടെ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആറാട്ട് സിനിമയെ ബോധപൂര്‍വം ഇകഴ്ത്തി കാണിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ആറാട്ടിന്റെ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. നെടുമുടിവേണു, സായ്കുമാര്‍, വിജയരാഘവന്‍, സിദ്ദിഖ് എന്നിവരുള്‍പ്പെടെ നിരവധി മലയാളതാരങ്ങള്‍ അണിനിരന്ന ചിത്രത്തില്‍ സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍, തെലുങ്കു താരം രാമചന്ദ്രറാവു എന്നിവരുടെ സാന്നിധ്യവും ശ്രദ്ധ നേടിയിരുന്നു.