'വഴക്കു കൂടി കൊതി മാറിയിട്ടില്ലാത്ത ഒരു കുട്ടിയായിരുന്നു തിലകന്‍, അദ്ദേഹത്തെ നിരോധിക്കുകയും ശിക്ഷിക്കുകയുമല്ലായിരുന്നു വേണ്ടത്': ജോണ്‍ പോള്‍

തിലകനെ നിരോധിക്കുകയും ശിക്ഷിക്കുകയുമല്ലായിരുന്നു വേണ്ടിയിരുന്നതെന്ന് പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍. സൗത്ത് ലൈവിന്റെ അഭിമുഖ പരമ്പരയായ ഫെയ്സ് ടു ഫെയ്സിലാണ് ജോണ്‍ ഇക്കാര്യം പറഞ്ഞത്.

തിലകന്‍ ഇടഞ്ഞു നിന്ന ഒരു കഥാപാത്രമാണ്. സംഘടന അയാള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്നത് വരെയെത്തി കാര്യങ്ങള്‍. നമ്മുടെ കുടുംബത്തിലൊരാള്‍ക്ക് ഒരു അല്‍പ്പം കുസൃതിയും മുന്‍ശുണ്ഠിയുമുണ്ടെങ്കില്‍ നമ്മള്‍ അയാളെ പരസ്യമായിട്ട് തള്ളിപ്പറയുകയല്ലല്ലോ വേണ്ടത്. വഴക്കു കൂടി കൊതി മാറിയിട്ടില്ലാത്ത ഒരു കുട്ടിയായിരുന്നു തിലകന്‍. അയാള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാവുമായിരുന്നു. ജോണ്‍ പോള്‍ പറയുന്നു.

അന്ന് അവിടെ അല്‍പ്പം മനശാസ്ത്രപരമായ സമീപനമുണ്ടായിരുന്നെങ്കില്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാമായിരുന്നു. അതിന് അമ്മയിലെ ആളുകള്‍ തയ്യാറായില്ലെങ്കില്‍, സ്റ്റാര്‍ട്ടും കട്ടും പറയുന്നവന്റെ ആജ്ഞയ്ക്കനുസരിച്ചാണ് പെരുമാറുന്നതെങ്കില്‍ ഇതിന്റെ പിന്നിലെ എഴുത്തുകാരനും സംവിധായകനും ഉത്തരവാദിത്വമുണ്ടായിരുന്നു. തിരക്കഥാകൃത്തുക്കളും സംവിധായകരും തിലകന്‍ വിഷയത്തില്‍ ഇടപെടണമായിരുന്നെന്നും ജോണ്‍ പോള്‍ കൂട്ടിച്ചേര്‍ത്തു.

2010ല്‍ ചലച്ചിത്രസംഘടനയുമായ “അമ്മ”തിലകനെതിരെ അച്ചടക്ക നടപടി കൈക്കൊണ്ടിരുന്നു. ഇതിന്റെ ഭാഗമായി സിനിമാരംഗത്ത് നിന്ന് അദ്ദേഹത്തെ വിലക്കുകയും ചെയ്തിരുന്നു.