താമസം മുംബൈയിലും ഷൂട്ട് കേരളത്തിലും, ലോക്കല്‍ കംപാര്‍ട്ട്‌മെന്റാണ് ആശ്രയം, പലപ്പോഴും പത്രം വെറും നിലത്ത് വിരിച്ച് കിടന്നുറങ്ങിയിട്ടുണ്ട്: ജോണ്‍ കൊക്കന്‍

പല സിനിമകളിലും ഡയലോഗോ കഥാപാത്രത്തിന്റെ പേരോ ഇല്ലാതെ അഭിനയിച്ച വേഷങ്ങളെ കുറിച്ച് നടന്‍ ജോണ്‍ കൊക്കന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ആദ്യമായി അഭിനയിച്ച ടെലിവിഷന്‍ സീരിയലില്‍ നിന്നുള്ള ചിത്രമാണ് ജോണ്‍ കൊക്കന്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ഒരു ആരാധകനാണ് ഈ ചിത്രം അയച്ചു തന്നത് എന്നാണ് നടന്‍ പറയുന്നത്.

അവള്‍ രക്തരക്ഷസ് എന്ന സീരിയലില്‍ ആയിരുന്നു ആദ്യമായി ജോണ്‍ കൊക്കന്‍ ക്യാമറയ്ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. തനിക്ക് ഒരു ആരാധകന്‍ അയച്ചു തന്നതാണ് ഈ ഫോട്ടോ. ഇതു താന്‍ തന്നെയാണോ എന്ന് അദ്ദേഹത്തിന് സംശയം. തൊണ്ണൂറുകളില്‍ ജനിച്ചവര്‍ക്ക് ഒരു പക്ഷേ ആ സീരിയല്‍ ഓര്‍മ കാണും, അവള്‍ രക്തരക്ഷസ്. അതില്‍ ഒരു മന്ത്രവാദിയുടെ വേഷമായിരുന്നു.

2006ലാണ് അതു സംപ്രേഷണം ചെയ്തത്. പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ വേണ്ടി കേരളത്തില്‍ എത്തിയപ്പോഴാണ് സംവിധായകന്‍ കൃഷ്ണകുമാറിനെ കാണുന്നതും പരിചയപ്പെടുന്നതും. ഇങ്ങനെയൊരു വേഷമുണ്ടെന്ന് പറഞ്ഞപ്പോള്‍ അഭിനയിക്കാന്‍ അറിയില്ലെന്ന് താന്‍ പറഞ്ഞു. കൃഷ്ണകുമാര്‍ ധൈര്യം തന്നു. അങ്ങനെയാണ് ആ വേഷം ചെയ്യുന്നത് എന്നാണ് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ ജോണ്‍ കൊക്കന്‍ പറയുന്നത്.

ഷൂട്ട് കേരളത്തില്‍ ആയിരുന്നെങ്കിലും അന്ന് മുംബൈയിലാണ് താമസമെന്നും താരം പറയുന്നു. സീരിയലില്‍ ദിവസ വേതനമാണല്ലോ. അതുകൂടാതെ തനിക്ക് മുംബൈയില്‍ നിന്ന് നാട്ടിലേക്കു വരാനുള്ള തീവണ്ടിക്കൂലിയും തരും. ഷൂട്ടിംഗ് ഡേറ്റുകള്‍ നേരത്തെ അറിഞ്ഞിരുന്ന സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്‌തൊക്കെ വരും. ചിലപ്പോള്‍ ടിക്കറ്റ് കിട്ടില്ല. അപ്പോള്‍ ലോക്കല്‍ കംപാര്‍ട്ട്‌മെന്റ് ആണ് ആശ്രയം. 32 മണിക്കൂര്‍ യാത്രയുണ്ട്.

രാത്രിയില്‍ ഉറങ്ങാനാണ് ബുദ്ധിമുട്ട്. പലപ്പോഴും പത്രം വെറും നിലത്ത് വിരിച്ച് കിടന്നുറങ്ങിയിട്ടുണ്ട്. ചില സമയത്ത് ലഗേജ് വയ്ക്കുന്ന റാക്കില്‍ കിടക്കാന്‍ സ്ഥലം കിട്ടും. അങ്ങനെ കുറേയേറെ ബുദ്ധിമുട്ടിയാണ് ആ ഷൂട്ടിനു വേണ്ടി വന്നു കൊണ്ടിരുന്നത്. എങ്ങനെയെങ്കിലും നല്ല ഒരു നടനാകണം എന്നു മാത്രമേ അന്ന് മനസിലുള്ളൂ. അതുകൊണ്ട് ഈ പ്രയാസങ്ങളൊന്നും ഒരു പ്രശ്‌നമായി തോന്നിയില്ല എന്നും താരം വ്യക്തമാക്കി.

May be an image of 1 person and text