കാവലിന് ഒ.ടി.ടി വാഗ്ദാനം ചെയ്തത് ഏഴുകോടി, തിയേറ്ററുകാരെ വിചാരിച്ച് സിനിമ വിറ്റില്ല: ജോബി ജോര്‍ജ്

മലയാള സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്നതിനെ അനുകൂലിച്ച് നിര്‍മ്മാതാവ് ജോബി ജോര്‍ജ്. സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യുന്നതാണ് നല്ലത്. എന്നാല്‍ ഗത്യന്തരമില്ലാതായാല്‍ എന്തു ചെയ്യും. ഈ പ്രതിസന്ധിയില്‍ തനിക്ക് പിടിച്ചു നില്‍ക്കാനായി, എന്നാല്‍ മറ്റുള്ളവര്‍ക്ക് അത് സാദ്ധ്യമാകണമെന്നില്ല എന്ന് നിര്‍മ്മാതാവ് പറയുന്നു.

താന്‍ നിര്‍മ്മിക്കുന്ന കാവല്‍, വെയില്‍ ചിത്രങ്ങള്‍ക്കായി ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളുമായി ചര്‍ച്ച നടത്തിയിരുന്നു. സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കുന്ന കാവല്‍ ചിത്രത്തിന് ഏഴ് കോടിയോളം രൂപ ഒ.ടി.ടി വാഗ്ദാനം ചെയ്തിരുന്നതായും തിയേറ്ററുകാരെ വിചാരിച്ചാണ് സിനിമ കൊടുക്കാത്തതെന്നും ജോബി ജോര്‍ജ് പറഞ്ഞു.

പുതുമുഖ സംവിധായകന്‍ ഒരുക്കിയ വെയിലില്‍ മികച്ച പ്രകടനമാണ് ഷെയ്ന്‍ കാഴ്ച വെച്ചത്, അതിനാല്‍ തിയേറ്ററര്‍ റിലീസാണ് നല്ലതെന്ന് തോന്നിയെന്ന് ജോബി ജോര്‍ജ് വ്യക്തമാക്കി. എല്ലാ സിനിമകളും ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ അവസരം ലഭിക്കണമെന്നില്ല. പ്രൊഡക്ഷന്‍ ഹൗസ്, അഭിനേതാക്കള്‍, സംവിധായകര്‍ ഇതെല്ലാം പരിഗണിച്ചാണ് അവര്‍ സമീപിക്കുക.

തിയേറ്ററുകളില്‍ വിജയം നേടിയ സിനിമകളാണ് നേരത്തേ ഒ.ടി.ടി.യില്‍ എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സാഹചര്യം പ്രതികൂലമായതിനാല്‍ ഒ.ടി.ടിയില്‍ റിലീസിനെത്തുന്നു എന്ന് ജോബി ജോര്‍ജ് പറഞ്ഞു. അതേസമയം, മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തുന്നതിന് എതിരെ ഒരു വിഭാഗം തിയേറ്ററുടമകള്‍ രംഗത്തെത്തിയിരുന്നു.

Read more

ജനുവരി ഒന്നിന് ദൃശ്യം 2വിന്റെ ടീസര്‍ പുറത്തുവിട്ടു കൊണ്ടാണ് ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തുമെന്ന് പ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്ന് വിമര്‍ശനങ്ങളും വിവാദവും ഉയര്‍ന്നിരുന്നു. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും പേരുണ്ടാക്കിയത് തിയേറ്ററില്‍ പടം റിലീസ് ചെയ്തിട്ടാണ്. ആ നന്ദി അവര്‍ക്ക് വേണ്ടേ എന്നാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചത്.