ഗുഡ്‌വില്‍ തുടങ്ങി വെച്ച ഒരു സിനിമ ആദ്യമായി വേണ്ടെന്ന് വെയ്ക്കുന്നു: ജോബി ജോര്‍ജ്

വെയില്‍ സിനിമ ഉപേക്ഷിച്ചെന്ന് അറിയിച്ച് നിര്‍മ്മാതാവ് ജോബി ജോര്‍ജിന്റെ കുറിപ്പ്. “സ്‌നേഹിതരെ, ആദ്യമായി നമ്മുടെ ഗുഡ്‌വില്‍ തുടങ്ങി വെച്ച ഒരു സിനിമ, വെയില്‍ വേണ്ട എന്ന് വെയ്ക്കുകയാണ്, ഗുഡ്‌വില്‍ എല്ലായിപ്പോഴും ജനങ്ങള്‍ക്കും അസോസിയേഷനും ഒപ്പമാണ്.. കൂടെയുണ്ടാവണം സ്‌നേഹത്തോടെ…” ജോബി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഷെയ്ന്‍ നിഗം നിസ്സഹകരണം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരണം മുടങ്ങി കിടക്കുന്ന ചിത്രങ്ങളായ വെയിലും ഖുര്‍ബാനിയും ഉപേക്ഷിക്കുകയാണെന്ന് കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതുമൂലമുണ്ടായ സാമ്പത്തിക നഷ്ടം നികത്തിയതിനു ശേഷം ഷെയ്ന്‍ മലയാളത്തില്‍ അഭിനയിച്ചാല്‍ മതിയെന്ന നിലപാടിലാണ് അസോസിയേഷന്‍. ഇക്കാര്യം അമ്മ സംഘടനയെ അറിയിച്ചെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അറിയിച്ചു.

മുടങ്ങിയ ചിത്രങ്ങളുടെ നഷ്ടം നികത്തുന്നതു വരെയാണ് ഷെയ്നിന് വിലക്ക്. ഖുര്‍ബാനി, വെയില്‍ എന്നീ ചിത്രങ്ങളുടെ നഷ്ടം ഷെയ്ന്‍ നികത്തണം. രണ്ടു ചിത്രങ്ങളും കൂടി ഏഴു കോടിയോളം രൂപ നഷ്ടം സംഭവിച്ചു. സിനിമയ്ക്കായി കോടിക്കണക്കിന് കാശ് മുടക്കുന്നവരെ കളിയാക്കുകയാണ് ഷെയ്ന്‍ ചെയ്തതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പറഞ്ഞു.