'കോട്ടയത്ത് ഒരു സിനിമ രണ്ടാഴ്ച ഓടിയാല്‍ മഹാ വിജയമാണെന്നാണ് സംസാരം, ഷൈലോക്കിന് അവിടെ ഇപ്പോഴും ആളുണ്ട്: ജോബി ജോര്‍ജ്

അജയ് വാസുദേവിന്റെ സംവിധാനത്തിലെത്തിയ മമ്മൂട്ടി ചിത്രം ഷൈലോക്ക് മികച്ച പ്രതികരണമാണ് നേടിയത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം വമ്പന്‍ വരവേല്‍പ് ആണ് ചിത്രത്തിന് ലഭിച്ചത്. മമ്മൂട്ടിയുടെ ഓള്‍ റൗണ്ടര്‍ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച ജോബി ജോര്‍ജ് പങ്കുവെച്ച കാര്യമാണ് ശ്രദ്ധ നേടിയിരിക്കുന്നത്.

“കോട്ടയത്ത് ഒരു സിനിമ രണ്ടാഴ്ച ഓടിയാല്‍ ആ സിനിമ മഹാ വിജയമാണെന്ന് പണ്ടു മുതലേ ഒരു സംസാരം ഉണ്ട്. അന്നു മുതല്‍ നമ്മുടെ സിനിമ വരുമ്പോള്‍, ദൈവമേ കോട്ടയത്ത് രണ്ടാഴ്ച ഓടണേ എന്ന് പ്രാര്‍ഥിക്കാറുണ്ട്. ഷൈലോക്ക് എന്ന ഞങ്ങളുടെ സിനിമയ്ക്ക് കോട്ടയത്ത് ഇപ്പോഴും ആളുണ്ട് അതിനു ഞാന്‍ നന്ദി പറയുന്നത് അജയ്ക്കാണ്. കാരണം ടെക്‌നിക്കലി പണം മുടക്കുന്നത് പ്രൊഡ്യൂസര്‍ ആണെങ്കിലും സിനിമയുടെ കപ്പിത്താന്‍ ഡയറക്ടറാണ്. അതിന് അജയ്‌ന് ഒരു സ്‌പെഷല്‍ താങ്ക്‌സ്.” മനോരമയുടെ ചാറ്റ് ഷോയില്‍ ജോബി പറഞ്ഞു.

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിച്ച ചിത്രമാണ് ഷൈലോക്ക്. ദ് മണി ലെന്‍ഡര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. പലിശക്കാരനായ ബോസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. തമിഴ് താരം രാജ്കിരണ്‍ ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നുണ്ട്. മീനയാണ് നായിക.