'മമ്മൂക്കയുടെ കാലു പൊക്കി അടിയൊക്കെ ഗംഭീരം, പക്ഷേ 75 ലക്ഷം കൂടി പോയി'; തുറന്നു പറഞ്ഞ് ജോബി ജോര്‍ജ്

മമ്മൂട്ടി-അജയ് വാസുദേവ് കൂട്ടുകെട്ട് ഷൈലോക്കിലൂടെ ഹാട്രിക് വിജയം നേടിയിരിക്കുകയാണ്. ഇതിന്റെ ആഘോഷത്തിലാണ് ആരാധകരും അണിയറ പ്രവര്‍ത്തകരും. കഥയ്ക്ക് കരുത്തേകുന്ന തീപാറുന്ന ആക്ഷന്‍ രംഗങ്ങളാണ് സിനിമയുടെ ഒരു പ്രധാന വിജയ ഘടകം. ചിത്രത്തിലെ മമ്മൂട്ടിയുടെ കാലു പൊക്കി അടിയൊക്കെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ വന്‍ ആഘോഷമാക്കി. എന്നിരുന്നാലും സ്റ്റണ്ടിനെ കുറിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവ് ജോബി ജോര്‍ജിന് ചെറിയൊരു പരിഭവം ഉണ്ട്.

“നമ്മള്‍ സന്തോഷത്തിലാണ് ഇരിക്കുന്നത്, എങ്കില്‍ കൂടി സ്റ്റണ്ടിന് 75 ലക്ഷം രൂപ കൂടി പോയി. 60 ലക്ഷം രൂപയാണ് സിനിമയില്‍ സ്റ്റണ്ടിന് ബജറ്റ് ഇട്ടത്. അത് താണ്ടിപോയി. 60 നിന്നും പോയി കാശ് നന്നായി ചെലവായി. എന്നാലും ആ സാധനം, കാലുപൊക്കിയടി ഗംഭീര സാധനമായിരുന്നു. ആളുകളുടെയൊക്ക സംശയം അത് ഡ്യൂപ്പാണോ ചെയ്തത് എന്നാണ്. എന്നാലല്ല അത് മമ്മൂക്ക തന്നെയാണ് ചെയ്തത്.” അജയ് വാസുദേവും കൂടി പങ്കെടുത്ത മനോരമയുടെ ചാറ്റ് ഷോയില്‍ ജോബി ജോര്‍ജ് പറഞ്ഞു.

Read more

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്കുശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിച്ച ചിത്രമാണ് ഷൈലോക്ക്. മുന്‍ചിത്രങ്ങളുടെ പാതയില്‍ തന്നെ ആക്ഷന്‍, മാസ് രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ഇത്തവണയും സംവിധായകന്‍ കഥ പറഞ്ഞത്. അനീസ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയത്.