മുഴുവൻ വെള്ള ഷർട്ടുകൾ മാത്രമാണെങ്കിലും അതിലും രംഗയ്ക്ക് ചോയ്സുണ്ട്: ജിതു മാധവൻ

രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിതു മാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായെത്തിയ ‘ആവേശം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഫഹദിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം കൂടിയാണ് ആവേശത്തിലെ രംഗ.

ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാർത്ഥികളുടെ കഥയും ശേഷം അവർ നേരിടുന്ന ചില പ്രശ്നങ്ങൾക്ക് രംഗ എന്ന ലോക്കൽ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടർന്നുള്ള രസകരമായ സംഭവ വികാസങ്ങൾ ബ്ലാക്ക് ഹ്യൂമറിന്റെയും ഗ്യാങ്ങ്സ്റ്റർ സ്പൂഫിന്റെയും പശ്ചാത്തലത്തിൽ പറയുന്നതുമാണ് ആവേശത്തിന്റെ പ്രമേയം.

ഫഹദിന്റെ രംഗ എന്ന കഥാപാത്രത്തിന് മികച്ച പ്രശംസകളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ രംഗ എന്ന കഥാപാത്രത്തിന്റെ ചില പ്രത്യേകതകളെ പറ്റി സംസാരിക്കുകയാണ് സംവിധായകൻ ജിതു മാധവൻ. എപ്പോഴും വെള്ള ഷർട്ട് മാത്രമിടുന്ന രംഗയ്ക്ക് 100 വെള്ള ഷർട്ടുകൾ ഉണ്ടെന്നും അതിൽ പോലും അയാൾക്ക് തിരഞ്ഞെടുപ്പുകളുണ്ടെന്നുമാണ് ജിതു പറയുന്നത്.

“അത് രംഗയുടെ സ്വഭാവ സവിശേഷതയായിട്ടാണ് കാണിച്ചിരിക്കുന്നത്. വൈറ്റ് ഷർട്ട് മാത്രമുള്ള ഒരാൾക്ക് അഞ്ച് ഡ്രസ്സ് മതി. പുള്ളിക്ക് നൂറെണ്ണമുണ്ട്. രംഗ എല്ലാം ഓവറാക്കുന്ന ആളാണ്. ഡ്രസ്സിലും അതുണ്ട്. വെള്ള ഷർട്ടുകൾ മാത്രമാണെങ്കിലും അതിലും പുള്ളി തിരഞ്ഞെടുക്കുന്നുണ്ട്, ഇത് വേണോ അത് വേണോ എന്ന്. രംഗയ്ക്ക് മാത്രം കാണാൻ പറ്റുന്ന എന്തെങ്കിലും കാണും അതിൽ.” എന്നാണ് ജിതു മാധവൻ പറയുന്നത്.

അൻവർ റഷീദ് എന്റർടൈൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജിതു മാധവൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, ഹിപ്സ്റ്റർ, മിഥുൻ ജെ.എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.