അത് രഞ്ജിത്തിന്റെ വ്യക്തിപരമായ അഭിപ്രായം, ഡോ. ബിജുവിന്റെ സിനിമകള്‍ കേരളത്തിനകത്തും ഇന്ത്യക്കു പുറത്തും അംഗീകാരങ്ങള്‍ നേടിയവയാണ്: ജിയോ ബേബി

ഡോ. ബിജുവിന്റെ സിനിമകളെ വിമർശിക്കാൻ വേണ്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് താരതമ്യപ്പെടുത്തിയത് ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കാതൽ എന്ന സിനിമയെവെച്ചാണ്.

ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കാതൽ സിനിമയുടെ സംവിധായകൻ ജിയോ ബേബി. അത് രഞ്ജിത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും വിവാദങ്ങളോടൊന്നും പ്രതികരിക്കാനില്ലെന്നുമാണ് ജിയോ ബേബി പറയുന്നത്.

“ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത്, കാതല്‍ സിനിമയെക്കുറിച്ചു പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമായി മാത്രം കണ്ടാൽ മതി. ഡോ. ബിജുവിന്റെ സിനിമകള്‍ കേരളത്തിനകത്തും പുറത്തും ഇന്ത്യക്കു പുറത്തും അംഗീകാരങ്ങള്‍ നേടിയവയാണ്. അദ്ദേഹത്തിന്റെ സൃഷ്ടികളെ അങ്ങനെതന്നെ വിലയിരുത്തണം. ഫാറൂഖ് കോളേജുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കാനില്ല. മുന്നോട്ടുള്ള നടപടികള്‍ മാധ്യമങ്ങളെ അറിയിക്കും.

തൊട്ടടുത്ത തിയേറ്ററില്‍നിന്നു കാണാന്‍ കഴിയുന്ന കാതല്‍, മേളയിലെ തിരക്കില്‍ വന്നു കണ്ട പ്രേക്ഷകര്‍ അത്ഭുതപ്പെടുത്തി. സീറ്റുകിട്ടാതെ പലരും ബഹളമുണ്ടാക്കി. മറ്റു സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നുമെത്തിയ ഡെലിഗേറ്റുകള്‍ നല്ല അഭിപ്രായം അറിയിച്ചു. മലയാളത്തില്‍ മാത്രമേ ഇത്തരം ശക്തമായ പ്രമേയങ്ങളുണ്ടാകൂയെന്നാണ് അവര്‍ പറഞ്ഞ്. അണിയറപ്രവര്‍ത്തകര്‍ അല്ലാത്തവര്‍ സിനിമയുടെ വിജയം ആഘോഷിക്കുന്ന അപൂര്‍വതയും കാതലിനു ലഭിച്ചു. റിലീസ് ചെയ്തപ്പോള്‍ മാനവീയത്തില്‍ ഉള്‍പ്പെടെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹാംഗങ്ങള്‍ ഒത്തുകൂടി സന്തോഷം പങ്കുവെച്ചു.

സിനിമ ‘സ്റ്റാറ്റിക്’ എന്ന ആക്ഷേപം എങ്ങനെയുണ്ടായെന്ന് അറിയില്ല. കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന തരത്തിലാണ് ഷൂട്ട് ചെയ്തത്. അതിനായി ദൃശ്യങ്ങള്‍ കൃത്യമായി പകര്‍ത്താന്‍ ഉപയോഗിക്കുന്ന പാന്തര്‍ എന്ന അത്യാധുനിക ഉപകരണം ഹൈദരാബാദില്‍നിന്ന് എത്തിച്ചിരുന്നു” എന്നാണ് ജിയോ ബേബി മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്.

കാതൽ ഫെസ്റ്റിവലിലും തിയേറ്ററിലും മികച്ച പ്രതികരണമാണ് നേടികൊണ്ടിരിക്കുന്നത്, ചിലപ്പോൾ സംസ്ഥാന പുരസ്കാരം വരെ കിട്ടാൻ സാധ്യയതുണ്ട്. അദൃശ്യജാലകങ്ങള്‍ എന്ന സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ ആളുകള്‍ കയറിയില്ലെന്നും ഇവിടെയാണ് ഡോക്ടര്‍ ബിജുവൊക്കെ സ്വന്തം റെലവന്‍സ് എന്താണെന്ന് ആലോചിക്കേണ്ടത്’ എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.