മമ്മൂട്ടിക്കും ദുല്‍ഖര്‍ സല്‍മാനുമൊപ്പം ചിത്രം? ജീത്തു ജോസഫ് വെളിപ്പെടുത്തുന്നു..

മലയാള സിനിമയിലെ സൂപ്പര്‍ ഹിറ്റ് സംവിധായക നിരയിലെ പ്രധാനിയാണ് ജീത്തു ജോസഫ്. പ്രേക്ഷകര്‍ക്കായി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ആളാണ് അദ്ദേഹം. അതില്‍ ദൃശ്യം എന്ന മോഹന്‍ലാല്‍ ചിത്രം മലയാളത്തിലെ ആദ്യത്തെ അമ്പതു കോടി ക്ലബ് ചിത്രവും അതുപോലെ ആറു ഭാഷകളിലേക്ക് റീമേക് ചെയ്യുകയും ചെയ്ത സിനിമയുമാണ്.

ഇപ്പോഴിതാ മമ്മൂട്ടിയേയും അദ്ദേഹത്തിന്റെ മകനും യുവ താരവുമായ ദുല്‍ഖര്‍ സല്‍മാനെയും ഒന്നിപ്പിച്ച് ഒരു ചിത്രം ഒരുക്കുമോ എന്ന ചോദ്യത്തിന് ജീത്തു മറുപടി നല്‍കിയിരിക്കുകയാണ്.

താനും അങ്ങനെയൊരു ചിത്രത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം നല്‍കിയ മറുപടി്. രണ്ടു പേര്‍ക്കും പറ്റിയ ചില പ്രമേയങ്ങള്‍ കയ്യില്‍ ഉണ്ടെന്നും, അത് ഒരു സമ്പൂര്‍ണ്ണ കഥ ആയി രൂപപ്പെട്ടാല്‍ തീര്‍ച്ചയായും അവരെ വെച്ച് ചിത്രം ചെയ്യാന്‍ ആഗ്രഹം ഉണ്ടെന്നും ജീത്തു ജോസഫ് പറയുന്നു. ദുല്‍ഖറിനെ വെച്ച് ഒരു ചിത്രം പ്ലാന്‍ ചെയ്തിരുന്നു എങ്കിലും അതിന്റെ കഥ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ആ പ്രൊജക്റ്റ് വേണ്ടെന്നു വെക്കുകയായിരുന്നു എന്നും ജീത്തു വെളിപ്പെടുത്തി.

ആസിഫ് അലി നായകനാവുന്ന ഒരു ചിത്രം കൂടി ജീത്തു ചെയ്യും എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് കൂടാതെ മോഹന്‍ലാല്‍ നായകനായ ഒരു ബിഗ് ബഡ്ജറ്റ് ത്രില്ലര്‍, അതുപോലെ ദൃശ്യം 3 എന്നിവയും ജീത്തു ജോസഫ് പ്ലാന്‍ ചെയ്യുന്ന പ്രൊജെക്ടുകള്‍ ആണെന്നും സൂചനകള്‍ ഉണ്ട്.