'ആ ചിത്രം യാഥാര്‍ത്ഥ്യമാകാതെ പോയത് അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം'; ജയറാം

ജയറാമിനെ നായകനായി ലിയോ തദ്ദേവൂസിന്റെ സംവിധാനത്തിലെത്തിയ ലോനപ്പന്റെ മാമോദീസ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടിയത്. പഴയ ജയറാമിനെ തങ്ങള്‍ക്ക് തിരിച്ച് കിട്ടിയെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ പറയുന്നത്. ഗ്രാമീണ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രം മനോഹരമായ ഒരു ഫീല്‍ ഗുഡ് കുടുംബ ചിത്രമാണെന്നാണ് വിലയിരുത്തല്‍. നല്ല സിനിമകള്‍ ലഭിക്കുമ്പോഴും കുഞ്ചന്‍ നമ്പ്യാരെ കുറിച്ചുള്ള ഒരു ചിത്രം യാഥാര്‍ത്ഥ്യമാകാതെ പോയത് തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി തോന്നുന്നെന്ന് ജയറാം പറയുന്നു.

“കവിയും തുള്ളലിന്റെ ഉപജ്ഞാതാവുമായ കുഞ്ചന്‍ നമ്പ്യാരെ കുറിച്ച് അന്തരിച്ച സംവിധായകന്‍ ഭരതന്‍ നിര്‍മ്മിക്കാനുദ്ദേശിച്ചിരുന്ന ചിത്രം യാഥാര്‍ത്ഥ്യമാകാതെ പോയത് എന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി കാണുന്നു. കുഞ്ചന്‍ നമ്പ്യാരായി എന്റെ രൂപം വെച്ച് ഭരതേട്ടന്‍ വരച്ച പടങ്ങള്‍ വീട്ടില്‍ ഇപ്പോഴുമുണ്ട്. വളരെ മനോഹരമായി ഭരതേട്ടന്‍ കുഞ്ചന്‍ നമ്പ്യാരുടെ ജീവിതം എഴുതി വെച്ചിരുന്നു. പക്ഷേ, ഇടയ്ക്ക് വച്ച് ഭരതേട്ടന്‍ നമ്മെ വിട്ടുപോയി. ആ തിരക്കഥ ഇപ്പോഴുമുണ്ടെന്നാണ് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ കെപിഎസി ലളിത പറഞ്ഞതെന്നും ജയറാം പറഞ്ഞു.

ഒരിടയ്ക്ക് സിനിമയില്‍ നിന്ന് പിന്നിലേക്ക് നയിച്ചത് തിരഞ്ഞെടുപ്പിലെ പാളിച്ചകളാണെന്നും ജയറാം പറയുന്നു. എങ്കിലും ഏറ്റവും ഒടുവില്‍ അഭിനയിച്ച രമേശ് പിഷാരടിയുടെ പഞ്ചവര്‍ണത്തത്ത, ലിയോ തദേവൂസിന്റെ ലോനപ്പന്റെ മാമ്മോദീസ എന്നിവയില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു തിരിച്ചുവരാന്‍ സാധിച്ചുവെന്നും ജയറാം പറഞ്ഞു.