എന്റെ സിനിമ ബോധത്തിന് തെളിച്ചം നൽകിയത് ഐ. എഫ്. എഫ്. കെ, സാധാരണക്കാരനായി തിരുവനന്തപുരത്ത് ഒരുപാട് തവണ വന്നിട്ടുണ്ട്: ജയം രവി

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് എക്കാലവും പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ജയം രവി. ‘എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി’ എന്ന ചിത്രത്തിലൂടെയാണ് ജയം രവി തമിഴ് സിനിമ ലോകത്ത് ജനപ്രിയനാവുന്നത്. ഇപ്പോഴിതാ കേരളത്തിൽ നടക്കാറുള്ള  അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിനെ കുറിച്ചും കേരളത്തെ കുറിച്ചും മനസ്സുതുറക്കുകയാണ് നടൻ ജയൻ രവി.

“സിനിമ എന്നത് ഒരിക്കലും പഠിച്ചുതീരാത്ത വലിയൊരു പാഠമാണ്. ഞാനിന്നും  സിനിമയുടെ ഒരു  ആരാധകനും സിനിമാ വിദ്യാർത്ഥിയുമാണ്. എന്റെ സിനിമ ബോധത്തിന് തെളിച്ചം നൽകുന്നതിൽ വലിയ പങ്കുവഹിച്ച ഒന്നാണ് തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം. ഐ. എഫ്. എഫ്. കെയിൽ പങ്കെടുക്കാൻ  ഒരുപാട് തവണ ഞാൻ  തിരുവനന്തപുരത്ത് വന്നിട്ടുണ്ട്.

ആ സമയത്ത് ഞാൻ അത്രയ്ക്കൊന്നും പ്രശസ്തനല്ലാത്തതുകൊണ്ട് സാധാരണക്കാരനെ പോലെ വന്ന് സിനിമകൾ കാണാൻ സാധിക്കുമായിരുന്നു.കേരളത്തിൽ വരുമ്പോഴൊക്കെ തീരപ്രദേശത്തേക്ക് പോകാനാണ് കൂടുതൽ ഇഷ്ടം. കേരളത്തിന്റെ തീരസൌന്ദര്യം എത്ര ആസ്വദിച്ചാലും മതി വരില്ല.” മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ജയം രവി ഇങ്ങനെ പറഞ്ഞത്.

കൂടാതെ തനിക്ക് ഇഷ്ടപ്പെട്ട മലയാള സിനിമകളെ കുറിച്ചും ജയം രവി തുറന്നുപറഞ്ഞിരുന്നു. കിലുക്കം, തേന്മാവിൻ കൊമ്പത്ത് എന്നീ സിനിമകൾ താൻ ഒരുപാട് തവണ കണ്ടിട്ടുണ്ടെന്നും ‘പ്രേമം’ എന്ന മലയാള സിനിമ കണ്ടതിനുശേഷം ‘അയ്യപ്പനും കോശിയും’ കാണുമ്പോഴാണ് മലയാള സിനിമയുടെ വൈവിധ്യം തന്നെ അത്ഭുതപ്പെടുത്തിയതെന്നും ജയം രവി കൂട്ടിച്ചേർത്തു.

മണി രത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ ഭാഗം 2, ഐ. അഹമദ് സംവിധാനം ചെയ്ത ‘ഇരൈവൻ” എന്നീ സിനിമകളാണ് ജയം രവിയുടെ അവസാനമിറങ്ങിയ ചിത്രങ്ങൾ. രണ്ട് സിനിമകൾക്കും മികച്ച അഭിപ്രായമായിരുന്നു ബോക്സ്ഓഫീസിൽ  കിട്ടിയിരുന്നത്.