മലയാള സിനിമയില്‍ നിന്ന് മനഃപൂര്‍വം വിട്ടുനിന്നു; കാരണം പറഞ്ഞ് ജയറാം

കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ ‘പട്ടാഭിരാമനാണ് ജയറാമിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. എന്നാല്‍ അതേസമയം തന്നെ തമിഴിലും തെലുങ്കിലും ജയറാം സജീവമായിരുന്നു. മൂന്നുവര്‍ഷം നീണ്ട ഇടവേളയ്ക്ക് വിരാമമിട്ട് വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് ജയറാം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകള്‍’ എന്ന സിനിമ ഏപ്രില്‍ 29നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

ഇപ്പോഴിതാ മലയാള സിനിമയില്‍ നിന്നും വിട്ട് നിന്നതിന്റെ കാരണം തുറന്നുപറയുകയാണ് ഇപ്പോള്‍ ജയറാം. ബിഹൈന്‍ഡ്വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
മലയാള സിനിമകളില്‍ നിന്നും ഞാന്‍ മനപൂര്‍വ്വം ഗ്യാപ്പ് എടുത്തതാണ്. എന്നെ ഇഷ്ടപ്പെടുന്ന കുറച്ച് അമ്മമാര്‍, സഹോദരിമാര്‍, സഹോദരന്മാര്‍ അവരൊക്കെ എന്നെ വിട്ട് കുറച്ച് അകന്ന് പോകുന്നുണ്ടോ എന്ന് എനിക്ക് തോന്നിയിട്ടുണ്ടായിരുന്നു. കാരണം, പലപ്പോഴും അങ്ങനെ തോന്നിയ സമയങ്ങളിലൊക്കെ എനിക്ക് ഒരുപാട് പരാജയങ്ങള്‍ വന്നു.

ഞാന്‍ ഇനി കുറേ കാലത്തേക്ക് സിനിമ ചെയ്യുന്നില്ല, പ്രത്യേകിച്ച് മലയാളം, എന്ന് തീരുമാനിച്ചു. മനസ്സിന് ഒരു സ്പാര്‍ക്കായി തോന്നുന്ന ഒരു സിനിമ എന്നെങ്കിലും ദൈവം കൊണ്ടുതരുമ്പോള്‍ അത് ചെയ്യാം എന്ന് എന്റെ പിള്ളേരോടും പറഞ്ഞു.

ബെസ്റ്റ് ഐഡിയയാണ് അപ്പാ, അത് പോലുള്ള കഥകള്‍ വരുമ്പോള്‍ ചെയ്താല്‍ മതി. വല്ലപ്പോഴും തമിഴും തെലുങ്കും ചെയ്യാം എന്ന് അവരും പറഞ്ഞു,” ജയറാം പറഞ്ഞു. ഒരു ഇടവേളക്ക് ശേഷം മീര ജാസ്മിന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് മകള്‍.