''ഇത് രോഗശാന്തിക്കായുളള സമയം''; ഒടുവില്‍ പ്രതികരണവുമായി ജെയ്ഡ പിങ്കെറ്റ് സ്മിത്ത്

ഓസ്‌കര്‍ വേദിയില്‍ ക്രിസ് റോക്കിനെ വില്‍ സ്മിത്ത് തല്ലിയ സംഭവം വലിയ വിവാദമായിരുന്നു. എന്നാല്‍ ഓസ്‌കര്‍ വേദിയില്‍ വെച്ചല്ലാതെ വില്‍ സ്മിത്തോ ജെയ്ഡയോ ഇതേ കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഈ വിഷയത്തില്‍ ജെയ്ഡേ പിങ്കെറ്റിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച പോസ്റ്റിന് നിരവധി പേരാണ് പിന്തുണയറിയിച്ചത്. ‘ഇത് രോഗശാന്തിക്കായുളള സമയമാണ്, അതിനായി ഞാനും ഇവിടെ ഉണ്ട്’ എന്നായിരുന്നു ജെയ്ഡയുടെ പോസ്റ്റ്. ഞങ്ങള്‍ ഒപ്പം ഉണ്ടെന്നും, കരുത്തോടെ തന്നെ മുന്നോട്ടു പോകുക എന്നതടക്കമുള്ള പ്രതികാരണങ്ങളും താരത്തെ തേടിയെത്തുകയാണ്.

മാര്‍ച്ച് 28ന് നടന്ന ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ വെച്ചായിരുന്നു ജെയ്ഡയെ കളിയാക്കിയതിന്റെ പേരില്‍ വില്‍ സ്മിത്ത് അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത്. തന്റെ ഭാര്യയെ കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്നും വില്‍ സ്മിത്ത് സദസ്സില്‍ വെച്ച് പറഞ്ഞു. ഓസ്‌കര്‍ വേദിയെ ആകെ നടുക്കിയ ഈ സംഭവം ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു.

മുന്‍പും ക്രിസ് ജെയ്ഡയെ കളിയാക്കിയ സംഭവം ഉണ്ടാക്കിയിട്ടുണ്ട്. 2016ലെ ഓസ്‌കര്‍ പുരസ്‌കാര നിശയില്‍ വംശീയ വിവേചനത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ജെയ്ഡ അടക്കം നടീനടന്മാര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. ചടങ്ങില്‍ അവതാരകനായെത്തിയ ക്രിസ് റോക്ക് ഇരുവരെയും പരിഹസിച്ചിരുന്നു.