'ചില മോശം ശീലങ്ങൾ ആരോഗ്യം നശിപ്പിക്കുന്നത് കാണുമ്പോൾ വേദന തോന്നുന്നു, ഒരു മികച്ച പ്രതിഭ പെട്ടെന്ന് പോയി'; കാർത്തി

നടൻ റോബോ ശങ്കറിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ കാർത്തി. ഒരു മികച്ച പ്രതിഭ വളരെ പെട്ടെന്ന് പോയി എന്ന് കാർത്തി സോഷ്യൽ മീഡിയയിൽ കുറിച്ചു. റോബോ ശങ്കറിൻ്റെ കുടുംബത്തിനും ആരാധകർക്കും എന്റെ അനുശോചനം രേഖപ്പടുത്തുന്നുവെന്നും കാർത്തി കുറിച്ചു. അതേസമയം ചില മോശം ശീലങ്ങൾ ആരോഗ്യം നശിപ്പിക്കുന്നത് കാണുമ്പോൾ വേദന തോന്നുന്നുവെന്നും കാർത്തി പങ്കുവെച്ച അനുശോചന കുറിപ്പിൽ പറയുന്നു.

‘കാലങ്ങളോളം നീണ്ടുനിൽക്കുന്ന ചില മോശം ശീലങ്ങൾ ആരോഗ്യത്തെ നശിപ്പിക്കുന്നത് കാണുമ്പോൾ വേദന തോന്നുന്നു… ഒരു മികച്ച പ്രതിഭ വളരെ പെട്ടെന്ന് പോയി… റോബോ ശങ്കറിൻ്റെ കുടുംബത്തിനും ആരാധകർക്കും എന്റെ അനുശോചനം രേഖപ്പടുത്തുന്നു’, കാർത്തി കുറിച്ചു.

ഞെട്ടലോടെയാണ് തമിഴ് സിനിമാ ലോകം റോബോ ശങ്കറിൻ്റെ മരണവാർത്തയറിഞ്ഞത്. വ്യാഴാഴ്ച ടെലിവിഷൻ പരിപാടിയുടെ ചിത്രീകരണത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു ശങ്കർ. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചിരുന്നില്ല. ഇടക്കാലത്ത് മഞ്ഞപ്പിത്തം ബാധിച്ച് അവശനായ ശങ്കർ ആരോഗ്യം വീണ്ടെടുത്ത് അഭിനയരംഗത്ത് വീണ്ടും സജീവമാകുന്നതിനിടെയാണ് മരണം. വൃക്കയുടെയും കരളിന്റെയും പ്രവർത്തനം നിലച്ചതാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

മിമിക്രി കലാകാരനായിരുന്ന ശങ്കറിന് സ്റ്റേജിൽ യന്ത്രമനുഷ്യനെ അനുകരിച്ചാണ് റോബോ ശങ്കർ എന്നപേരു ലഭിച്ചത്. സ്റ്റാർ വിജയിലെ കലക്കപോവത് യാര് എന്ന ഹാസ്യ പരിപാടിയിലൂടെ ശ്രദ്ധേയനായി. വിജയ് സേതുപതി നായകനായ ‘ഇതർക്കുതനെ അസൈപ്പെട്ടൈ ബാലമുരുക’യിലൂടെ സിനിമയിലെത്തി. വായൈ മൂടി പേശവും, ടൂറിങ് ടോക്കീസ്, മാരി തുടങ്ങിയ സിനിമകളിൽ ശ്രദ്ധയമായ വേഷംചെയ്‌തു. ഒട്ടേറെ ടെലിവിഷൻ പരിപാടികളിലും വെബ് സീരിസുകളിലും അഭിനയിച്ചു.

Read more