'ചങ്ക്‌സ് എന്ന പേരിട്ട് 'സാഹിത്യഭാഷ സംസാരിക്കുന്ന സിനിമ ചെയ്യാന്‍ പറ്റുമോ' ? ഒരു അഡാര്‍ ലൗ വിശേഷവുമായി ഒമര്‍ ലുലു

അനു ചന്ദ്ര

സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്ത ചിത്രമായ ചങ്ക്‌സിന്റെ സംവിധായകനാണ് ഒമര്‍ ലുലു. പുതുതലമുറയില്‍ ഒരു വിഭാഗത്തിന്റെ പള്‍സ് മനസ്സിലാക്കി അവര്‍ക്ക് വേണ്ടി സിനിമ ചെയ്ത് ബോക്‌സ്ഓഫീസില്‍ ഹിറ്റാക്കിയ സംവിധായകന്‍. ചെയ്ത രണ്ടു ചിത്രങ്ങളും പണംവാരി പടങ്ങളായതിന്റെ ആത്മവിശ്വാസത്തില്‍ മൂന്നാം ചിത്രത്തിന് ഇറങ്ങി പുറപ്പെടുകയാണ് ഒമര്‍.

ഹാപ്പിവെഡ്ഡിംഗ് പോലെയോ ചങ്ക്‌സ് പോലെയോ അല്ല മറ്റൊരുതരം ചിത്രമായിരിക്കും ഒരു അഡാര്‍ ലവ് എന്ന് ഒമര്‍ അവകാശപ്പെടുന്നു. പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ പ്രണയം പറയുന്ന ചിത്രത്തില്‍ പൂര്‍ണമായും നവാഗതരെയാണ് പ്രധാന വേഷങ്ങള്‍ ഏല്‍പ്പിച്ചിരിക്കുന്നത്.

“ഒരു അഡാര്‍ ലൗ” പേരില്‍ തന്നെയുണ്ടല്ലോ ഒരു അഡാര്‍ പ്രണയത്തിന്റെ സൂചന?

ഒരു അഡാര്‍ ലൗ എന്നത് വാസ്തവത്തില്‍ ഒരു മ്യൂസിക്കല്‍ ലൗ സ്റ്റോറിയാണ്. ചെറിയ തമാശകളും, പ്രണയവുമൊക്കെ ആയിട്ടുള്ള ഒരു മ്യൂസിക്കല്‍ ലൗ സ്റ്റോറി. പിന്നെ മുന്‍ സിനിമകള്‍ പോലെ 70% പുതിയ അഭിനേതാക്കളെ തന്നെയാണ് ഈ സിനിമയിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. അത് പോലെ ഹരീഷ്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുടെ സംവിധായകന്‍ അല്‍ത്താഫ് തുടങ്ങിയ താരങ്ങളും ഈ സിനിമയില്‍ വരുന്നുണ്ട്. ഒരു പ്ലസ് ടു സ്‌കൂളിനെ അടിസ്ഥാനമാക്കി പറഞ്ഞു പോകുന്ന ഒരു പ്രണയ കഥയാണ് ഒരു അഡാര്‍ ലൗ.

താങ്കള്‍ എപ്പോഴും യൂത്തിനെ മുന്‍നിര്‍ത്തിയാണ് സിനിമ ചെയ്യുന്നത്.അഡാര്‍ ലൗവിലും അങ്ങനെ തന്നെയാണ്. അതിനു പുറകിലെ കാരണം?

സ്വാഭാവികമായും യൂത്തല്ലേ ഓഡിയന്‍സ് കൂടുതല്‍. നമ്മള്‍ ഒരു സിനിമ ചെയുമ്പോള്‍ എന്തായാലും ആ സിനിമയ്ക്ക് വേണ്ടി പണം മുടക്കുന്ന നിര്‍മാതാവിന് ലാഭം കിട്ടണം എന്നുള്ള ഒരു ചിന്തയില്‍ സിനിമ ചെയുന്ന ആളാണ് ഞാന്‍. അപ്പോള്‍ നമ്മുടെ ക്ലാസ് കാണിക്കാനാണ് എങ്കില്‍ ഈ സിനിമ തന്നെ ചെയേണ്ടേ കാര്യം ഇല്ലല്ലോ. നമ്മുടെ ക്ലാസ് കാണിച്ചു നിര്‍മ്മാതാവിന്റെ പണം കളഞ്ഞിട്ടെന്താണ് കാര്യം.

https://www.facebook.com/photo.php?fbid=1628127200587176&set=a.401859179880657.94080.100001697342763&type=3&theater

യുവത്വത്തിലൂടെ കഥപറച്ചില്‍ നടത്തുന്ന രീതിയില്‍ നിന്നു മാറി നില്‍കുന്ന സൂപ്പര്‍താര കഥകള്‍ പറയുന്ന സിനിമകള്‍ താങ്കളില്‍ നിന്ന് എപ്പോള്‍ പ്രതീക്ഷിക്കാം?

ഇപ്പോള്‍ തല്‍ക്കാലം എന്തായാലും യൂത്തില്‍ നിന്നു മാറി സിനിമ ചെയ്യാനുള്ള പരിപാടി ഇല്ല. പിന്നെ നമ്മുടെ മനസ്സും ചെറുപ്പമാണല്ലോ. അതും സിനിമ എടുക്കുന്നതില്‍ ഒരു ഘടകമാണല്ലോ.

യൂത്തിന്റ കഥ പറയുമ്പോള്‍ യൂത്തിനെ തൃപ്തിപ്പെടുത്തുവാനുള്ള എന്തെല്ലാം ഘടകങ്ങള്‍ ഈ സിനിമയില്‍ കൊണ്ട് വരുന്നുണ്ട്?

ഷാന്‍ റഹ്മാന്‍ ആണ് വളരെ പ്രധാനപെട്ട ഒരു ഘടകം ഈ സിനിമയില്‍. വ്യത്യസ്തമായ പാട്ടുകളും മറ്റും കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ ഒക്കെ ഉണ്ട്. പിന്നെ ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് ഔസേപ്പച്ചന്‍ ആണ്. ഔസേപ്പച്ചന്‍ എന്നു പറഞ്ഞാല്‍ നമ്മുടെ റാംജി റാവ് സ്പീക്കിംഗ്, നോക്കെത്താ ദൂരത്തു കണ്ണും നട്ട്, ഫ്രണ്ട്‌സ്, ഹിറ്റ്‌ലര്‍ തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ചയാളാണ്. പുതുമുഖങ്ങളെ ഒരുപാട് പ്രോത്സാഹിപ്പിച്ചിട്ടുള്ള ആളാണ് അദ്ദേഹം.

ചങ്ക്‌സ് സിനിമ കണ്ടത് മുതല്‍ക്ക് ഒരു കൂട്ടം ആളുകളാല്‍ വിമര്‍ശിക്കപ്പെട്ടത് അതിലെ ദ്വയാര്‍ത്ഥ പ്രയോഗത്തെ ചൂണ്ടിക്കാണിച്ചു കൊണ്ടാണല്ലോ. അത്തരം സാധ്യതകള്‍ അഡാര്‍ ലൗവിലും ഉണ്ടാകുമോ?

ഓരോ ഫിലിമും ഓരോ പാറ്റേണാണ്. ഒരു അഡാര്‍ ലൗ അങ്ങനത്തെ ഒരു പാറ്റേണ്‍ സിനിമയല്ല. ഇത് ഒരു ഫീല്‍ ഗുഡ് മ്യൂസിക്കല്‍ ലൗ സ്റ്റോറി ആണ്. പിന്നെ ചങ്ക്‌സ് എന്ന് പറഞ്ഞാല്‍ ടൈറ്റില്‍ കാണുമ്പോള്‍ തന്നെ അറിയാം അടിച്ചു പൊളിച്ച്, ഏറ്റവും ഫ്രീക്ക് അടിച്ചു നടക്കുന്ന പിള്ളേരെ പറയുന്ന ഒന്നാണെന്ന്. അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്ന തരത്തില്‍, സ്വഭാവികമായും അത്തരതിലുള്ളവര്‍ ഉപയോഗിക്കുന്ന തരത്തില്‍ ഉള്ള വാക്കുകളും തമാശകളും തന്നെയേ അതില്‍ ഉപയോഗിച്ചിട്ടുള്ളു. അല്ലാതെ ചങ്ക്‌സ് എന്നു പേരിട്ട്, ഭയങ്കര സാഹിത്യഭാഷയില്‍ കഥാപാത്രങ്ങള്‍ സംസാരിക്കുന്ന രീതിയില്‍, സിനിമ ചെയ്യാന്‍ പറ്റുമോ ? ഓരോ സിനിമയും ഓരോ രീതികളാണ് ഡിമാന്‍ഡ് ചെയുന്നത്.

https://www.facebook.com/omer.lulu/videos/1626509250748971/

സിനിമയിലെ നായികയെ കുറിച്ച്?

രണ്ട് നായികമാര്‍ ആണ് ഉള്ളത്. ഒരു നായിക മിസ്സ് കേരള ആയിരുന്നു. നൂറിന്‍ എന്നാണ് പേര്. മറ്റൊരാള്‍ പുതുമുഖമാണ് പേര് ദില്‍രൂപ. ഇവരെയെല്ലാം ഓഡീഷന്‍ വഴിയാണ് തിരഞ്ഞെടുത്തത്.

സിനിമയുടെ മറ്റു വിശേഷങ്ങള്‍?

സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നത് ജനുവരി 11ന് ആണ്. പിന്നെ എല്ലാ സിനിമകളിലും എന്ന പോലെ ഒരു അഡാര്‍ ലൗ വിലും പുതിയ രണ്ട് എഴുത്തുകാരാണ് ഉള്ളത്. സാരംഗും, ലിജോയും. പുതിയ എഴുത്തുകാരില്‍ ഫ്രഷ് ആയിട്ടുള്ള എന്തെങ്കിലും ഉണ്ടാകും എന്നുള്ളതാണ് ഒരു പ്രത്യേകത.