എങ്ങനെയാണ്, മാറി മാറിയുന്നവരുടെ ലോകത്തില്‍, ഒരാള്‍, അയാളായി തുടരുന്നത്? വിജയ് സേതുപതിക്ക് ഇന്ദു വി എസ്സിന്റെ ജന്മദിനാശംസകള്‍

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിക്ക് ജന്മദിനാശംകള്‍ നേര്‍ന്ന് സംവിധായക ഇന്ദു വി എസ്. മാറി മറയുന്ന ലോകത്തില്‍ ഒരാള്‍ അയാളായി തുടരുന്നുവെന്ന് താരത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഇന്ദു കുറിച്ചു. ‘എങ്ങനെയാണ് ഒരാള്‍ക്ക് ഇത്രത്തോളം മനുഷ്യനായിരിക്കാന്‍ കഴിയുന്നതെന്ന് ആലോചിച്ചിട്ടുണ്ട്.

ആദ്യത്തെ കൂടിക്കാഴ്ച്ച കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നീടുന്നു, ഇപ്പൊ. ഒന്നിച്ചൊരു സിനിമ പൂര്‍ത്തിയാക്കി കഴിയുമ്പോഴും എന്നില്‍ ആ ചോദ്യം നിറഞ്ഞു നില്‍ക്കുന്നുണ്ട് എങ്ങനെയാണ്, മാറി മാറിയുന്നവരുടെ ലോകത്തില്‍, ഒരാള്‍, അയാളായി തുടരുന്നതെന്ന്… ജന്മദിനാശംകള്‍’- ഇന്ദു വി എസിന്റെ വാക്കുകള്‍

വിജയ് സേതുപതിയുടെ രണ്ടാമത്തെ മലയാള സിനിമയാണ് ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന 19(1)(a). ഇന്ദു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. വിജയ് സേതുപതിക്കൊപ്പം നിത്യാ മേനോനും ഇന്ദ്രജിത്ത് സുകുമാരനും പ്രധാന കഥാപാത്രങ്ങളായി എത്തും. ഒന്നിലധികം ജോണറിലൂടെ കടന്നു പോകുന്ന സിനിമയാണ് 19(1)(a).