വെടിവെയ്പ്പ് കാലത്തുണ്ടായ സംഭവങ്ങള്‍ പുറത്ത് പറയാന്‍ കൊള്ളാത്തതാണ്, ബീമാ പള്ളിയുടെ ചരിത്രം അല്ലിത്: വിമര്‍ശനങ്ങളോട് ഇന്ദ്രന്‍സ്

2009ല്‍ തിരുവനന്തപുരത്തെ ബീമാപള്ളിയില്‍ നടന്ന വെടിവയ്പും അന്നത്തെ രാഷ്ട്രീയ സാഹചര്യവുമായും ബന്ധപ്പെട്ട വിമര്‍ശനങ്ങളാണ് മാലിക് ചിത്രത്തിന് നേരേ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഈ വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ഇന്ദ്രന്‍സ്.

ബീമാപള്ളിയുടെ ചരിത്രമല്ല മാലിക് എന്നാണ് ഇന്ദ്രന്‍സ് വ്യക്തമാക്കുന്നത്. കൊച്ചിയെന്ന് പറഞ്ഞ് സിനിമ ഇറങ്ങിയാല്‍ അത് കൊച്ചിയുടെ കഥയാകുമോ? ഇത് സിനിമയാണ്. സംവിധായകന്റെ കലയും അദ്ദേഹത്തിന്റെ ഭാവനയുമാണത്. സംഭവങ്ങളില്‍ നിന്ന് പ്രചോദനം സംവിധായകന്‍ ഉള്‍ക്കൊണ്ടിട്ടുണ്ടാകാം. ബീമാ പള്ളിയുടെ ചരിത്രമല്ലിത്.

വെടിവെപ്പ് കാലത്തുണ്ടായ സംഭവങ്ങള്‍ പുറത്ത് പറയാന്‍ കൊള്ളാത്തതാണ്. മോശമാണ് എന്ന് ഇന്ദ്രന്‍സ് പറയുന്നു. മനോരമ ന്യൂസ്.കോമിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രന്‍സിന്റെ പ്രതികരണം. ചിത്രത്തിനെതിരെ ഉയരുന്ന മറ്റൊരു വിമര്‍ശനമായ ഇസ്ലാമോഫോബിക് എന്നതിന് എതിരെയും ഇന്ദ്രന്‍സ് പ്രതികരിച്ചു. സിനിമ മുസ്ലീങ്ങളെ മോശക്കാരാക്കി ചിത്രീകരിച്ചതായി തോന്നിയില്ല.

സംവിധായകന്റെ തീരുമാനമാണ് സിനിമ. ചരിത്രമെഴുതി വച്ചതാണെന്ന് സംവിധായകന്‍ അവകാശപ്പെടുന്നുമില്ല. മാലിക് എല്ലാ അര്‍ഥത്തിലും സംവിധായകന്റെ ചിത്രമാണ് എന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി. മാലിക് ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ഇന്ദ്രന്‍സ് എത്തിയത്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രം താരം മികച്ചതാക്കി.