അംബേദ്കറും നരേന്ദ്ര മോദിയും ഒരു പോലെയെന്ന് ഇളയരാജ; രൂക്ഷവിമര്‍ശനം

ഭരണഘടന ശില്‍പി ബിആര്‍ അംബേദ്കറേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും തമ്മില്‍ താരതമ്യപ്പെടുത്തി സംവിധായകന്‍ ഇളയരാജ. സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തില്‍നിന്ന് പ്രതിസന്ധികളോട് പോരാടി വിജയിച്ചവരാണ് രണ്ടുപേരും എന്നാണ് ഇളയരാജയുടെ അഭിപ്രായം . ബ്ലൂ കാര്‍ട്ട് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ‘അംബേദ്കര്‍ ആന്റ് മോദി: റീഫോമേഴ്സ് ഐഡിയാസ് പെര്‍ഫോമേഴ്സ് ഇംപ്ലിമെന്റേഷന്‍’ എന്ന പുസ്തകത്തിന്റെ മുഖവുരയിലാണ് ഇളയരാജയുടെ താരതമ്യം.

അംബേദ്കറിന്റെ വീക്ഷണത്തെക്കുറിച്ചും അംബേദ്കറിന്റെ ആശയത്തിലൂടെ നരേന്ദ്രമോദി പുതിയ ഇന്ത്യ സൃഷ്ടിച്ചതിനെക്കുറിച്ചുമാണ് പുസ്തകം പറയുന്നത് എന്നാണ് പബ്ലിഷര്‍ ട്വിറ്ററില്‍ കുറിച്ചത്. ഏപ്രില്‍ 14നാണ് പുസ്തകം പുറത്തെത്തിയത്. സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തില്‍നിന്ന് പ്രതിസന്ധികളോട് പോരാടി വിജയിച്ചവരാണ് ഇരുവരും.അവയെ ഇല്ലാതാക്കുന്നതിന് ഇരുവരും പ്രവര്‍ത്തിച്ചു. ഇരുവരും ഇന്ത്യയ്ക്ക് വേണ്ടി വലിയ സ്വപ്നങ്ങള്‍ കണ്ടവരാണ്, – ഇളയരാജ കുറിച്ചു.

സമൂഹത്തിന്റെ മാറ്റത്തിനായും സ്ത്രീകളുടെ ഉന്നമനത്തിനായും കൊണ്ടുവന്ന മുത്തലാഖ് നിരോധനം, ബേട്ടി ബചാവോ ബേടി പഠാവോ തുടങ്ങിയവയിലൂടെ അംബേദ്കര്‍ മോദിയെക്കുറിച്ച് അഭിമാനിക്കുന്നുണ്ടാകുമെന്നും ഇളയരാജ കൂട്ടിച്ചേര്‍ത്തു.

ഇളയരാജയുടെ താരതമ്യം ചെയ്യല്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. ഇളയരാജയെ വിമര്‍ശിച്ച് ഡിഎംകെ നേതാക്കളടക്കം ഒട്ടേറെ പേര്‍ രംഗത്തെത്തിയിരിക്കുകയാണ്.