ചലച്ചിത്ര അവാർഡുകളെക്കുറിച്ചുള്ള നടൻ വിശാലിന്റെ വാക്കുകൾ ചർച്ചയാകുന്നു. ഇന്ത്യാ ഗവൺമെന്റ് നൽകുന്ന അഭിമാനകരമായ ദേശീയ ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ ഒരു തരത്തിലുള്ള അവാർഡുകളിലും തനിക്ക് വിശ്വാസമില്ലെന്ന് നടൻ പറഞ്ഞു.
തന്റെ പുതിയ പോഡ്‌കാസ്റ്റായ യുവേഴ്‌സ് ഫ്രാങ്ക്‌ലി വിശാലിൽ സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്. അവാർഡുകൾ മനസ്സിൽ വെച്ചുകൊണ്ട് താൻ ഒരിക്കലും സിനിമകൾ ചെയ്തിട്ടില്ലെന്നും താരം വെളിപ്പെടുത്തി.
‘എനിക്ക് അവാർഡുകളിൽ വിശ്വാസമില്ല. അവാർഡുകൾ അസംബന്ധമാണ്. എട്ട് കോടി അല്ലെങ്കിൽ എൺപത് കോടി ആളുകൾക്ക് എന്താണ് ഇഷ്ടമെന്ന് എട്ട് പേർക്ക് എങ്ങനെ തീരുമാനിക്കാൻ കഴിയും? ഇതിൽ ദേശീയ അവാർഡുകളും ഉൾപ്പെടുന്നു. എനിക്ക് അവാർഡ് കിട്ടാത്തതുകൊണ്ടല്ല അത്. എനിക്ക് ആ ആശയത്തിൽ വിശ്വാസമില്ല. ആരെങ്കിലും എനിക്ക് ഒരു അവാർഡ് തന്നാൽ ഞാൻ അത് ചവറ്റുകുട്ടയിൽ എറിയും.’ വിശാൽ പറഞ്ഞു.
നടി ധൻസികയുമായി അടുത്തിടെ വിവാഹനിശ്ചയം കഴിഞ്ഞ വിശാൽ ഇപ്പോൾ ഒരു വരാനിരിക്കുന്ന ആക്ഷൻ സിനിമയുടെ പണിപ്പുരയിലാണ്. നടന്റെ വാക്കുകൾ ആരാധകർക്കിടയിലും സിനിമാ മേഖലയിലുള്ളവർക്കിടയിലും ഒരുപോലെ ചർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്.








