ജാതി മാറി കല്യാണം കഴിച്ചതിന് ഏതെങ്കിലും ബ്രാഹ്‌മണന്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോ, പുഴു ബ്രാഹ്‌മണവിരോധം ഒളിച്ചുകടത്തുന്നു: രാഹുല്‍ ഈശ്വര്‍

നവാഗത സംവിധായിക റത്തീന മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രം പുഴുവുന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. സമൂഹത്തിന്റെ ആഴത്തില്‍ വേരോടിയിരിക്കുന്ന ജാതീയതയ്‌ക്കെതിരെ വിരല്‍ ചൂണ്ടിയിരിക്കുന്ന ചിത്രത്തിന് പ്രശംസാപ്രവാഹമാണ്. ഇപ്പോഴിതാ പുഴു സിനിമ ബ്രാഹ്‌മണ വിരോധം ഒളിച്ചുകടത്തുകയാണ് എന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍.

റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തിലാണ് രാഹുല്‍ ഇത്തരമൊരു ആരോപണമുന്നയിച്ചത്. എല്ലാ സമുദായങ്ങളിലും തീവ്ര സ്വഭാവക്കാരുണ്ടെന്നും ഗോഡ്‌സെ അത്തരത്തില്‍ ഒരു തീവ്ര ബ്രാഹ്‌മണിക്കല്‍ സ്വഭാവമുള്ള വ്യക്തിയാണെന്നും ഗോഡ്‌സെയെ അനുകൂലിക്കുന്നവരല്ല 99 ശതമാനം ബ്രാഹ്‌മണരും. പക്ഷെ പുഴു എന്ന സിനിമയില്‍ ബ്രാഹ്‌മണ വിരോധം ഒളിച്ചു കടത്തുകയാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.

സിനിമയിലെ ഒരു രംഗം ദളിത്, പിന്നോക്ക വിഭാഗ സംരക്ഷണ നിയമത്തെ ദുരുപയോഗം ചെയ്യുകയാണെന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചു.
ബ്രാഹ്‌മണിക്കല്‍ പൊതുബോധമെന്ന് പറഞ്ഞ് എല്ലാ ഹിന്ദുക്കളെയും ബ്രാഹ്‌മണരെയും കരി വാരിത്തേക്കുന്നത് ശരിയല്ല.

ഞാന്‍ വേറൊരു ജാതിയില്‍ നിന്ന് കല്യാണം കഴിച്ച വ്യക്തിയാണ്. ആരാണ് ഇക്കാലത്ത് ജാതിയുടെ പേരില്‍ ആളുകളെ കൊല്ലുന്നത്. കേരളത്തില്‍ കഴിഞ്ഞ 50 വര്‍ഷത്തില്‍ ജാതി മാറി കല്യാണം കഴിച്ചതിന് ഏതെങ്കിലും ബ്രാഹ്‌മണന്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.