പ്രചരിക്കുന്നത് അസഭ്യവീഡിയോകള്‍, എന്നെയും 'അമ്മ'യെയും അവര്‍ അപമാനിക്കുന്നു: പരാതി നല്‍കി ഇടവേള ബാബു

വിനീത് ശ്രീനിവാസന്‍ ചിത്രം മുകുന്ദന്‍ ഉണ്ണി അസോസിയേറ്റുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ തന്നെയും താര സംഘടനയായ അമ്മയെയും അപമാനിക്കുന്നുവെന്ന പരാതിയുമായി ഇടവേള ബാബു. സിനിമയെക്കുറിച്ച് താന്‍ നടത്തിയ പരാമര്‍ശത്തിന്റെ ഒരു ഭാഗം ഉപയോഗിച്ചാണ് അപമാനിക്കുന്നതെന്നും ഇന്‍സ്റ്റാഗ്രാം യൂട്യൂബ് അടക്കമുള്ള മാധ്യമങ്ങളിലൂടെയാണ് അസഭ്യം ഉള്‍ക്കൊള്ളുന്ന വീഡിയോകള്‍ പ്രചരിക്കുന്നതെന്നും ബാബു പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സൈബര്‍ സെല്ലിന് ഇടവേള ബാബു പരാതി നല്‍കിയിട്ടുണ്ട്.

പ്രമേയത്തിലും അവതരണത്തിലും വളരെ വ്യത്യസ്തതയുമായി എത്തിയ ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ റിലീസ് ആയിരുന്ന മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്‌സ്. ബ്ലാക്ക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തത് നവാഗതനായ അഭിനവ് സുന്ദര്‍ നായക് ആയിരുന്നു.

ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് വിനീത് ശ്രീനിവാസനും. ഇടവേള ബാബുവിന്റെ അഭിപ്രായ പ്രകടനമാണ് ഒരിടവേളയ്ക്ക് ശേഷം ചിത്രത്തെ സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലേക്ക് എത്തിച്ചത്. ചിത്രം ഫുള്‍ നെഗറ്റീവ് ആണെന്നും ഇത്തരത്തില്‍ ഒരു സിനിമയ്ക്ക് എങ്ങനെ സെന്‍സറിംഗ് കിട്ടിയെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം കഴിഞ്ഞ വര്‍ഷം നവംബര്‍ 11 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ജനുവരി 13 ന് ആയിരുന്നു. ബ്ലാക്ക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത് ജോയ് ആണ്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന.