'അമ്മ'യ്ക്ക് ജി.എസ്.ടി നോട്ടീസ് ലഭിച്ചിട്ടില്ല; വിശദീകരണവുമായി ഇടവേള ബാബു

ജി.എസ്.ടി കുടിശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് താരസംഘടന അമ്മ. ജി.എസ്.ടി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിശദീകരണങ്ങളാണ് ചോദിച്ചതെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് അമ്മ ജി.എസ്.ടി രജിസ്‌ട്രേഷന്‍ നേടിയത്. ജി.എസ്.ടി നിലവില്‍ വന്ന 1987 മുതല്‍ സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കുന്നതായി അറിയിച്ചിട്ടുണ്ട്. പുതിയ അംഗങ്ങളെ ചേര്‍ക്കുമ്പോള്‍ ലഭിക്കുന്ന വരുമാനത്തിന്റെ ജി.എസ്.ടി അടയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ വിശദീകരണം അവരെ തൃപ്തിപ്പെടുത്തുമെന്നുതന്നെയാണ് വിശ്വസിക്കുന്നത്. ജി.എസ്.ടി അടച്ചേ മതിയാകൂ എന്ന നിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ഞങ്ങള്‍ കോടതില്‍ പോകും. പണ്ട് സര്‍വ്വീസ് ടാക്‌സുമായി ബന്ധപ്പെട്ട ഞങ്ങള്‍ കോടതി കയറിയിട്ടുണ്ട്. അന്ന് അനുകൂലമായ വിധിയാണ് കോടതിയില്‍നിന്ന് ഞങ്ങള്‍ക്ക് ലഭിച്ചത്. ഇതാണ് യഥാര്‍ത്ഥത്തില്‍ നടന്നത്. മറ്റുള്ളതെല്ലാം മാധ്യമസൃഷ്ടികളാണ്. അദ്ദേഹം പറഞ്ഞു.

ടി.വി ചാനലുകളുമായി ഒന്നിച്ച് അമ്മ സംഘടിപ്പിക്കുന്ന താരനിശകളിലെ വരുമാനത്തിന്റെ ജി.എസ്.ടി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ജി.എസ്.ടി വകുപ്പ് നോട്ടീസ് നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.