'അനിമൽ' ഞാൻ ഒരിക്കലും ചെയ്യില്ല; ഹോളിവുഡിൽ സിനിമ കണ്ട് സ്ത്രീകളെ ആരും പിന്തുടരാറില്ല, പക്ഷേ ഇവിടെ അത് നടക്കും; വിമർശനവുമായി തപ്സി പന്നു

രൺബിർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ‘അനിമൽ’ എന്ന ചിത്രം റിലീസ് ചെയ്ത ആദ്യ ദിവസം തൊട്ടുതന്നെ നിരവധി വിമർശനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

ചിത്രം സ്ത്രീ വിരുദ്ധതയെയും ടോക്സിക് മസ്കുലിനിറ്റിയെയും പ്രോത്സാഹിപ്പിക്കുന്നു എന്നതായിരുന്നു ചിത്രത്തിനെതിരെയുള്ള പ്രധാന വിമർശനം.

ഇപ്പോഴിതാ ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം തപ്സി പന്നു. അനിമൽ എന്ന സിനിമ താൻ ഒരിക്കലും ചെയ്യില്ലെന്നാണ് തപ്സി പറയുന്നത്. ഹോളിവുഡിൽ പ്രേക്ഷകർ സിനിമ കണ്ട് താരങ്ങളുടെ ഹെയർസ്റ്റൈൽ അനുകരിക്കുകയോ സിനിമയെ യഥാർത്ഥ ജീവിതത്തിലേക്ക് പകർത്തുകയോ ചെയ്യാറില്ല. അവരാരും സിനിമ കണ്ട് സ്ത്രീകളെ പിന്തുടരാറില്ല പക്ഷേ ഇവിടെ നടക്കുന്നുണ്ടെന്നാണ് തപ്സി പറയുന്നത്.

“അനിമൽ ഞാൻ ഒരിക്കലും ചെയ്യില്ല. ഹോളിവുഡിനെയും ബോളിവുഡിനേയും തമ്മിൽ താരതമ്യം ചെയ്യാനാകില്ല. ഹോളിവുഡിൽ പ്രേക്ഷകർ സിനിമ കണ്ട് താരങ്ങളുടെ ഹെയർസ്റ്റൈൽ അനുകരിക്കുകയോ സിനിമയെ യഥാർത്ഥ ജീവിതത്തിലേക്ക് പകർത്തുകയോ ചെയ്യാറില്ല. അവരാരും സിനിമ കണ്ട് സ്ത്രീകളെ പിന്തുടരാറില്ല.

പക്ഷെ ഇതൊക്കെ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. മറ്റ് അഭിനേതാക്കളോട് നിങ്ങൾ ഈ സിനിമകൾ ചെയ്യരുതെന്ന് പറയുന്നവരിൽ ഒരാളല്ല ഞാൻ. ഈ സിനിമ ഞാൻ ചെയ്യില്ല എന്ന കാര്യം മാത്രമേ പറയുന്നുള്ളൂ.” എന്നാണ് ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തപ്സി പറഞ്ഞത്.