തനിക്ക് ഇത്രയും ആരാധകരെ നേടാൻ കഴിഞ്ഞത് മുജ്ജന്മ ബന്ധംകൊണ്ട്: നന്ദമുരി ബാലകൃഷ്ണ

മലയാളികൾ ട്രോളുകളിലൂടെ പരിചിതമായ താരമാണ് നന്ദമൂരി ബാലകൃഷണ. പൊതുവിടങ്ങളിലെ താരത്തിന്റെ പെരുമാറ്റം വിമർശനങ്ങളിലേക്കും വിവാദങ്ങളിലേക്കും നയിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയായ അഖണ്ഡ 2വിന്റെ ഓഡിയോ റിലീസിൽ നടൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

തനിക്ക് ഇത്രയും ആരാധകരെ നേടാൻ കഴിഞ്ഞത് മുജ്ജന്മ ബന്ധം കൊണ്ടാണെന്ന് ബാലയ്യ പറഞ്ഞു. ‘ലെജൻഡ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന സംഭവവും താരം വേദിയിൽ പങ്കുവച്ചു.

‘വിശാഖപട്ടണത്തെ ആർ കെ ബീച്ചിൽ ഒരു സീൻ ഷൂട്ട് ചെയ്യാൻ ചെന്നൈയിൽ നിന്ന് ഒരു കറുത്ത കുതിരയെ കൊണ്ടുവന്നു. രക്ഷപ്പെട്ട് ഓടുന്ന വില്ലനെ ഞാൻ കുതിരപ്പുറത്ത് പിന്തുടരുന്നതാണ് രംഗം. അവിടെയൊരു കോഫി ഷോപ്പുമുണ്ട്. ആ ഷോട്ടിന് ഒറിജിനാലിറ്റി വേണമെന്ന് ഞാൻ പറഞ്ഞു. കുതിര കോഫി ഷോപ്പിന്റെ ഗ്ലാസ് തകർത്ത് പുറത്തേക്ക് വരുന്ന രീതിയിൽ ചിത്രീകരിക്കാൻ ആവശ്യപ്പെട്ടു.

അത് ഷുഗർ ഗ്ലാസ് ആണോ എന്ന് ഞാൻ ചോദിച്ചു, അല്ല, യഥാർത്ഥ ഗ്ലാസ് ആണെന്ന് അവർ പറഞ്ഞു. അത് മാറ്റി ഷുഗർ ഗ്ലാസ് വയ്ക്കാൻ ഞാൻ ആവശ്യപ്പെട്ടു. ആ ഷോട്ട് അപകടം പിടിച്ചതായിരുന്നു. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കുതിര കുതിച്ചു, ഗ്ലാസ് തകർത്തു. അവിടെയുണ്ടായിരുന്ന 40,000-ത്തോളം വരുന്ന ജനക്കൂട്ടം അഞ്ച് മിനിറ്റ് നിർത്താതെ കൈയടിച്ചു,’ എന്ന് ബാലകൃഷ്ണ പറഞ്ഞു.

Read more