പിതാവിന്റെ മരണത്തിന് പിന്നാലെ മമ്മൂട്ടി തന്നെ വിളിച്ചിരുന്നുവെന്ന് ഷൈൻ ടോം ചാക്കോ. ആ സമയത്തെ മമ്മൂട്ടിയുടെ ഫോൺ കോൾ തനിക്ക് ഊർജ്ജം നൽകുന്നതായിരുന്നു എന്നാണ് ഷൈൻ പറയുന്നത്. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്.
‘മമ്മൂക്കയോട് ഞാൻ പറഞ്ഞു, എന്റെ പിന്നാലെ നടന്ന് നടന്ന് ഡാഡി പോയി. മമ്മൂക്ക ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്ന സമയമാണ്. എന്നിട്ടും എനിക്ക് എനർജി തന്നു. എടാ, നീ അത്ര പ്രശ്‌നക്കാരനായൊരു കുട്ടിയൊന്നുമല്ല. ഇത്തിരി കുറുമ്പുണ്ട് എന്നേയുള്ളൂ. അതൊന്ന് മാറ്റിയാൽ മതിയെന്ന് മമ്മൂക്ക പറഞ്ഞു. നമുക്ക് പടം ചെയ്യണം എന്നും പറഞ്ഞു. മമ്മൂക്കയും വേഗം വാ, നമുക്ക് പടം ചെയ്യണമെന്ന് ഞാനും പറഞ്ഞു. എല്ലാം ശരിയാകും, ഒന്നും ആലോചിച്ച് വിഷമിക്കണ്ട, നമ്മൾ മാറി മുന്നോട്ട് പോവുക. ബാക്കിയെല്ലാം പിന്നാലെ വന്നോളും എന്നു മമ്മൂക്ക പറഞ്ഞു’
‘പിഷാരടിയും ചാക്കോച്ചനും കാണാൻ വന്നപ്പോഴാണ് മമ്മൂക്കയുമായി സംസാരിക്കുന്നത്. പിഷാരടിയാണ് മമ്മൂക്കയെ വിളിച്ച് തരുന്നത്. ഞാൻ മെസേജ് അയച്ചിരുന്നുവെന്ന് മമ്മൂക്ക പറഞ്ഞു. ഞാൻ ഫോണൊന്നും നോക്കിയിരുന്നില്ല. പിന്നെ നോക്കിയപ്പോൾ മമ്മൂക്കയുടെ മെസേജ് കണ്ടു. നേരത്തെ കൊക്കെയ്ൻ കേസ് ജയിച്ച സമയത്തും മമ്മൂക്കയുടെ മെസേജ് ഉണ്ടായിരുന്നു. ഗോഡ് ബ്ലസ് യു എന്നായിരുന്നു’ എന്നും നടൻ പറയുന്നു.
എനിക്ക് മെസേജ് അയച്ചിട്ട് മമ്മൂക്കയ്ക്ക് ഒരു ഹൈ ഒന്നും കിട്ടാനില്ല. എന്നാൽ കൃത്യമായ സമയത്ത് നമ്മൾക്ക് എനർജി തരുന്നൊരു മെസേജ് അയക്കും. നമ്മൾ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്താൽ കൃത്യമായി മറുപടി നൽകുകയും ചെയ്യുമെന്നും ഷൈൻ മമ്മൂട്ടിയെക്കുറിച്ച് പറയുന്നു.