തനിക്ക് ഇപ്പോഴും പ്രണയം തോന്നാറുണ്ടെന്ന് നടി നീന ഗുപ്ത. പ്രണയം ലൈംഗികതയെക്കുറിച്ചോ ആകർഷണത്തെക്കുറിച്ചോ മാത്രമല്ല എന്നും അത് നല്ലതായി തോന്നുന്നതിനെക്കുറിച്ചാണ് എന്നും നടി പറഞ്ഞു. ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതത്തിലെ മൂന്ന് നിർണായക നിമിഷങ്ങളെക്കുറിച്ച് തുറന്നു പറയുകയായിരുന്നു നടി.
ആദ്യമായി മുംബൈയിലേക്ക് വന്ന നിമിഷം, മകൾ മസാബയുടെ ജനനം, മുത്തശ്ശിയായത് എന്നിവയെകുറിച്ചാണ് നടി സംസാരിച്ചത്. അവയെല്ലാം അതിശയകരമാണെന്നും അത് പ്രകടിപ്പിക്കാൻ വാക്കുകൾ പോലും കിട്ടുന്നില്ലെന്നും നീന പറഞ്ഞു.
‘എന്റെ വസ്ത്രങ്ങളെ ഞാൻ പ്രണയിക്കുന്നു. ഞാൻ ഒരുങ്ങി വരുമ്പോൾ എനിക്ക് വളരെ സന്തോഷം തോന്നും. പഴയ കാലത്ത് ഞാൻ ഒരിക്കലും ബിക്കിനി ധരിച്ചിരുന്നില്ല. ഞാൻ വന്ന ഡൽഹിയിലെ കുടുംബത്തിൽ അങ്ങനെയൊരു സംസ്കാരം ഉണ്ടായിരുന്നില്ല. എന്നാൽ ഞാൻ ബോംബെയിലേക്ക് മാറി ഒറ്റയ്ക്ക് താമസിക്കാൻ തുടങ്ങിയപ്പോൾ എന്റെ ബാത്ത്റൂമിൽ ഞാൻ ബിക്കിനി ധരിച്ച് കണ്ണാടിക്ക് മുന്നിൽ നിന്ന് സന്തോഷിക്കുമായിരുന്നു. അന്ന് മൊബൈൽ ഫോണുകൾ ഉണ്ടായിരുന്നില്ല. അതും പ്രണയമാണ്. സ്വയം പ്രണയിക്കുന്നത്. എന്നാൽ നല്ലതായി തോന്നുന്നതിന് പ്രായപരിധിയില്ല’.
തിരക്കഥയും പണവും പ്രധാനമാണ്. ഇതിൽ പ്രാധാന്യം തിരക്കഥയ്ക്കാണ്. സംവിധായകനെ അറിയില്ലെങ്കിൽപ്പോലും കഥാപാത്രം നല്ലതാണെങ്കിൽ അത് ചെയ്തിരിക്കും. ചിലപ്പോൾ പണം കുറവായിരിക്കും, ചിലപ്പോൾ കൂടുതലായിരിക്കും. അത് സന്തുലിതമാകും. സ്വന്തം ഹൃദയത്തിനും മനസ്സിനും നല്ലതായി തോന്നിയാൽ താൻ അതിന് തയ്യാറാകും. എല്ലാം അവസാനം ദൈവം സന്തുലിതമാക്കുമെന്ന് ശരിക്കും വിശ്വസിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
അനുരാഗ് ബസു സംവിധാനംചെയ്യുന്ന ‘മെട്രോ… ഇൻ ഡിനോ’ ആണ് നീന ഗുപ്ത അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ജൂലൈ 4-ന് ചിത്രം റിലീസ് ചെയ്യും. ആദിത്യ റോയ് കപൂർ, സാറ അലി ഖാൻ, അലി ഫസൽ, ഫാത്തിമ സന ഷെയ്ഖ്, കൊങ്കണ സെൻശർമ്മ, പങ്കജ് ത്രിപാഠി എന്നിവരും അഭിനയിക്കുന്നുണ്ട്. മലയാളത്തിൽ 1000 ബേബീസ് എന്ന വെബ്സീരീസിൽ മുഖ്യവേഷത്തിലും നീന ഗുപ്ത എത്തിയിരുന്നു.







