കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലയാള സിനിമയിൽ നടൻ അജു വർഗീസിന് മികച്ച തിരക്കഥാ തിരഞ്ഞെടുപ്പാണ് ലഭിക്കുന്നത്. ‘സർവം മായ’ എന്ന ചിത്രത്തിലൂടെ അദ്ദേഹം നേടിയ വിജയവും ഇതിന് മറ്റൊരു ഉദാഹരണമാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ സിനിമാ കഥകൾ കേട്ട് ഉറങ്ങുന്ന തന്റെ ശീലത്തെക്കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘സത്യം പറഞ്ഞാൽ കഥകൾ കേട്ടുകൊണ്ടിരിക്കുമ്പോൾ ഞാൻ ഉറങ്ങിപ്പോകും. ആരെങ്കിലും ഒരു സ്ക്രിപ്റ്റ് വിവരിക്കുമ്പോൾ ഞാൻ പലപ്പോഴും ഉറങ്ങിപ്പോകാറുണ്ട്. ‘വെള്ളിമൂങ്ങ’യുടെ കഥ കേട്ടുകൊണ്ട് ഉറങ്ങിപ്പോയ ആളാണ് ഞാൻ. അതിനേക്കാൾ വലിയ ഒരു ഉദാഹരണം ആവശ്യമുണ്ടോ? ദി എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിൽ അജു വർഗീസ് പറഞ്ഞു.
മുഴുവൻ കഥയും കേൾക്കുന്നത് തനിക്ക് ബുദ്ധിമുട്ടാകുന്നത് എന്തുകൊണ്ടാണെന്നും അജു വർഗീസ് പറഞ്ഞു. ‘അങ്ങോട്ടുമിങ്ങോട്ടും സംഭാഷണം നടക്കുന്ന ഒരു സാഹചര്യമാണെങ്കിൽ ഒരു പ്രശ്നവുമില്ല. പക്ഷേ, ആരെങ്കിലും ഒരു കഥ പറയുമ്പോൾ, ഇടയ്ക്ക് ഇടയ്ക്ക് കയറി അവരോട് വ്യക്തിപരമായ ചോദ്യങ്ങൾ ചോദിക്കാൻ എനിക്ക് കഴിയില്ല’
‘കഥകൾ കേൾക്കാൻ ഞാൻ പലതവണ ശ്രമിച്ചിട്ടുണ്ട്. അവസാനം ഞാൻ അവരെ അപമാനിക്കുന്നതായി എനിക്ക് തോന്നും. അങ്ങനെ ഞാൻ സിനിമ ചെയ്യാൻ സമ്മതിക്കും’. ഇക്കാരണത്താൽ താൻ ഇപ്പോൾ കഥകൾ കേൾക്കുന്ന രീതി മാറ്റിയതായും നടൻ പറഞ്ഞു. ഇപ്പോൾ തന്റെ റോൾ എന്താണെന്ന് പറയാൻ മാത്രമേ അവരോട് ആവശ്യപ്പെടാറുള്ളു എന്നും ഇത് താൻ സിനിമയിൽ യോജിക്കുന്നുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാൻ സഹായിക്കുന്നു എന്നുമാണ് അജു വർഗീസ് പറയുന്നത്.







