'പ്രഹസനം എന്ന് തോന്നുന്ന ഇത്തരം ബോധവല്‍ക്കരണങ്ങള്‍ക്ക് ദുരന്തമുഖത്ത് ഏറെ പ്രസക്തിയുണ്ട്'; ജനതാ കര്‍ഫ്യൂവിനെ പിന്തുണച്ച് ഹരീഷ് പേരടി

കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജനതാ കര്‍ഫ്യൂ ആചരിക്കണമെന്ന പധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പിന്തുണച്ച് നടന്‍ ഹരീഷ് പേരടി. പ്രഹസനം എന്ന് തോന്നുന്ന ഇത്തരം ബോധവല്‍ക്കരണങ്ങള്‍ക്ക് ദുരന്തമുഖത്ത് ഏറെ പ്രസക്തിയുണ്ടെന്നും നമ്മള്‍ മനുഷ്യര്‍ ബാക്കിയായാല്‍ മാത്രമെ നാളെയും നമുക്ക് രാഷ്ട്രീയം കളിക്കാന്‍ പറ്റൂവെന്നും ഹരീഷ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം….

ഒരു മഹാമാരിയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ ട്രോളുകളും പൊങ്കാലകളും താരതമ്യ പഠനങ്ങളും ഒഴിവാക്കുക എന്നുള്ളത് മനുഷ്യന്റെ വിവേചന ബുദ്ധിയാണ്…അത് കാത്തുസുക്ഷിച്ചാല്‍ മാത്രമെ ഈ മഹാമാരിയെ നമുക്ക് അതിജിവീക്കാന്‍ സാധിക്കുകയുള്ളു…വര്‍ഗ്ഗീയത താണ്ഡവമാടിയ കാലത്ത് നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ചങ്ങല വലിച്ചതു പോലെതന്നെയാണ് മഹാമാരിയുടെ ഭീകരതയെ ഓര്‍മ്മപ്പെടുത്താന്‍ കര്‍ഫ്യൂ നടത്തുന്നതും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിക്കാന്‍ കൈ കൊട്ടുന്നതും…

പ്രഹസനം എന്ന് തോന്നുന്ന ഇത്തരം ബോധവല്‍ക്കരണങ്ങള്‍ക്ക് ദുരന്തമുഖത്ത് ഏറെ പ്രസക്തിയുണ്ട്…നമ്മള്‍ മനുഷ്യര്‍ ബാക്കിയായാല്‍ മാത്രമെ നാളെയും നമുക്ക് രാഷ്ട്രീയം കളിക്കാന്‍ പറ്റു… ഒന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് … ഒന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്.. ഈ സമയത്ത് അത് മാത്രം ഓര്‍ക്കുകയെന്നുള്ളതാണ് നമ്മുടെ ഉത്തരവാദിത്വം …കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ നിര്‍ദേശങ്ങളും മുന്നറിയുപ്പുകളും പാലിക്കുക… എന്റെ നാടിനൊപ്പം.. എന്റെ രാജ്യത്തിനൊപ്പം… എന്റെ ഭൂമിയിലെ മനുഷ്യര്‍ക്കൊപ്പം…

Read more